കടലില്‍ കവരു പൂത്തു; രാവില്‍ വിസ്മയമായി തിളങ്ങുന്ന നീലത്തിരമാലകള്‍
കോഴിക്കോട്: തിളങ്ങുന്ന നീലത്തിരമാലകള്‍ തീര്‍ത്ത വിസ്മയ രാവുമായി കോഴിക്കോട് കടപ്പുറം. കവരു പൂക്കല്‍ അഥവാ ജൈവദീപ്തി എന്ന പ്രതിഭാസമാണ് ഇതിനു കാരണമായി പറയുന്നത്. രാത്രി സമയത്താണ് കടലില്‍ അപൂര്‍വമായ കാഴ്ചയ്ക്ക് പലരും സാക്ഷിയായത്. കൊവിഡ് കാല നിരോധനം കാരണം ബീച്ചില്‍ ഏറെയാളുകള്‍ക്ക് ഇത് ദര്‍ശിക്കാനായില്ല.
എങ്കിലും തെളിഞ്ഞ ആകാശവും നിലാവും ഒപ്പം തിളങ്ങുന്ന നീലത്തിരമാലകളും നിരവധി പേരെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി തെളിഞ്ഞ അന്തരീക്ഷമുള്ള രാത്രികളില്‍ ഈ പ്രതിഭാസം ദൃശ്യമാണ്. കഴിഞ്ഞ ഞായറാഴ്ചയും കോഴിക്കോട് ബീച്ചില്‍ ഈ പ്രതിഭാസം കണ്ടതായി തീരദേശ വാസികള്‍ പറഞ്ഞു . നീലനിറത്തിലുള്ള തിരമാലകളുടെ ദൃശ്യം ചിലര്‍ക്ക് കാമറയില്‍ പകര്‍ത്താനുമായി.
കേരള തീരത്ത് കവരു പൂക്കല്‍ അഥവാ ബയോലൂമിനന്‍സ് പ്രതിഭാസം അസാധാരണമാണെന്ന് വിദഗ്ധരും പറയുന്നു. ഞായറാഴ്ച രാത്രി 8.45 നും 9 നും ഇടയിലാണ് ഇത് ദൃശ്യമായതെന്ന് പരിസരവാസികളില്‍ ചിലര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസമായി കടലിന് ദൃശ്യമാറ്റവും സംഭവിച്ചിട്ടുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തി.
രാത്രിയില്‍ തിളങ്ങുന്ന തിരമാലകള്‍ കാണുന്ന പ്രതിഭാസത്തെ ബയോലൂമിനന്‍സ് എന്നാണ് ശാസ്ത്രീയമായി വിളിക്കുന്നത്. നീല നിറത്തില്‍ തിരമാലകള്‍ അടിക്കുകയോ കടല്‍ നീലനിറത്തില്‍ പ്രകാശം പുറപ്പെടുവിക്കുകയോ ആകാം. കടലില്‍ ബാക്ടീരിയ, ഫംഗസ്, ആല്‍ഗകള്‍ (പായല്‍) തുടങ്ങിയ സൂക്ഷ്മ ജീവികള്‍ പ്രകാശം പുറപ്പെടുവിക്കുന്നതാണ് ഇത്.
തണുത്ത വെളിച്ചമെന്നും ഇത് അറിയപ്പെടാറുണ്ട്. മിന്നാമിനുങ്ങിന്റെ വെളിച്ചത്തിനു കാരണവും ബയോലൂമിനന്‍സ് തന്നെയാണ്. കടലിലുള്ള പ്രകാശം പരത്തുന്ന സൂക്ഷ്മജീവികള്‍ കൂട്ടത്തോടെ മുകള്‍ ഭാഗത്തേക്ക് വരുമ്പോഴാണ് നമുക്ക് കടല്‍ വര്‍ണവിളക്കുപോലെ കാണുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ കടലിന്റെ തീരത്തോട് ചേര്‍ന്ന് ഇത്തരം പ്രതിഭാസം ഉണ്ടാകാറുണ്ടെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."