മൂക്കുന്നിമലയിലെ അനധികൃത ഖനനം;റിപ്പോര്‍ട്ട് അട്ടിമറിക്ക് സാധ്യത; വിജിലന്‍സ് ടീം മേധാവിയെ മാറ്റി
മലയിന്‍കീഴ്: സംസ്ഥാനത്ത് വിവാദത്തിന് ഇടയാക്കിയ തലസ്ഥാനജില്ലയിലെ മൂക്കുന്നിമലയില്‍ അനധികൃത കൈയേറ്റവും ഖനനവും നടന്നതായി കണ്ടെത്തിയ സര്‍വേ ടീം മേധാവിയെ സ്ഥലം മാറ്റി. വിജിലന്‍സ് സി.ഐ റാബിയത്തിനെയാണ് ഇന്നലെ മാറ്റിയത്. അന്വേഷണം അന്തിമ ഘട്ടത്തില്‍ ഇരിക്കെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറി ഇവിടെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി പാറപൊട്ടിക്കുന്നതും കടത്തുന്നതും അത് പാരിസ്ഥിതിക ആഘാതം വരുത്തുന്നതുമാണെന്നും റാബിയത്തിന്റെ ടീം കണ്ടെത്തിയിരുന്നു. ഇവിടുത്തെ അനധികൃത ഖനനങ്ങളും കൈയേറ്റങ്ങളും കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയും സംസ്ഥാന സര്‍വെ വകുപ്പും സംയുക്തമായി നടത്തി വന്ന ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വെയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ മേധാവിയായിരുന്നു റാബിയത്ത്.
600 ഏക്കറോളം വിസ്തൃതിയുള്ള മൂക്കുന്നിമലയില്‍ 400 ഏക്കറോളം വരുന്ന പ്രദേശത്താണ് സര്‍വെ നടത്താനുണ്ടായിരുന്നത്. ഇതിനോടകം സര്‍വെ പൂര്‍ത്തിയായിക്കഴിഞ്ഞു. അന്തിമമായ ചില കൂട്ടിച്ചേരലുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായി സര്‍വ്വേ ടീം മേധാവി റാബിയത്ത് കഴിഞ്ഞ ഡിസംബറില്‍ തന്നെ പറഞ്ഞിരുന്നു. അന്വേഷണം തീരാനിരിക്കെയാണ് സ്ഥലം മാറ്റം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 2016 ജൂലായ് 18 നായിരുന്നു മൂക്കുന്നിമലയില്‍ സമഗ്ര സര്‍വെ തുടങ്ങിയത്. 3 മാസമായിരുന്നു കോടതി അനുവദിച്ച കാലാവധി. നഷ്ടപ്പെട്ട പ്രവൃത്തി ദിനങ്ങള്‍ കൂടി സര്‍വെ കാലയളവായി ദീര്‍ഘിപ്പിച്ചു നല്‍കിയ ഹൈക്കോടതി നവംബര്‍ അവസാന വാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അന്തിമ റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് ഈ നടപടി. 2014 ല്‍ മൂക്കുന്നിമലയിലെ സമഗ്ര സര്‍വെ ലക്ഷ്യമിട്ട് വിജിലന്‍സ് സ്‌പെഷ്യല്‍ടീം രംഗത്തുവന്നെങ്കിലും സ്‌ഫോടനം നടത്തി പാറപൊട്ടിച്ചും മാര്‍ഗതടസം സൃഷ്ടിച്ചും പാറമട ലോബി ചെറുത്തു നിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മലയം അശ്വതി ഭവനില്‍ ലതാപ്രീതന്‍ എന്ന വീട്ടമ്മ നല്‍കിയ പൊതു താല്‍പര്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കമാല്‍പാഷ സര്‍വെ നടത്താനും സര്‍വെ കാലയളവില്‍ ഖനന നിരോധനം ഏര്‍പ്പെടുത്തിയും ഉത്തരവിട്ടിരുന്നു.
ഖനന മേഖലയിലെ വ്യാപ്തി, പാറമടകളുടെ വിസ്തീര്‍ണം, കൈയേറ്റങ്ങള്‍ നടന്നോ എന്നത്, സര്‍ക്കാരിന് വന്ന നഷ്ടം, ഇവിടുത്തെ വരുമാനം തുടങ്ങിയവ സര്‍വേയില്‍ നടന്നു. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് സര്‍വേ നടത്തിയത്. ജില്ലാ അസി. ജിയോളജിസ്റ്റ്, കലക്ടറേറ്റില്‍ നിന്നും എത്തിയ സര്‍വേയര്‍മാര്‍, കാട്ടാക്കട, നെയ്യാറ്റിന്‍കര, താലൂക്കുകളില്‍ നിന്നുള്ള സര്‍വേയര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത സര്‍വ്വയില്‍ ആധുനിക ഉപകരണങ്ങളാണ് ഉപയോഗിച്ചത്. പാറമടകളിലെ വെള്ളക്കെട്ടിന്റെ ആഴവും വ്യാപ്തിയും പരിശോധിച്ചു. ഖനനം നടത്തി വെള്ളം കയറിയ സ്ഥലങ്ങളിലാണ് ഹൈഡ്രോളിക് സര്‍വേ നടത്തിയത്. ഇതിനായി ബോട്ടുകളും ഉപയോഗിച്ചു. അഗ്നിശമനസേനയുടെ സഹായത്തോടെയാണ് ഈ സര്‍വ്വേ നടത്തിയത്.
മൂക്കുന്നിമലയിലെ ക്വാറി ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ അനേഷണ റിപ്പോര്‍ട്ടുകള്‍ സര്‍വ്വേ ടീം പരിശോധിച്ചു. സതേണ്‍ എയര്‍ കമാന്‍ഡിന്റെ റഡാര്‍ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത് മൂക്കുന്നിമലയിലാണ്. ആയതിനാല്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടാക്കുന്നതാണ് മൂക്കുന്നിമലയിലെ പാറഖനനമെന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍വേസംഘം മൂക്കുന്നിമലയിലെ ക്വാറികളില്‍ നടത്തിയ ആദ്യ പരിശോധന പകുതിയോളം പൂര്‍ത്തിയായപ്പോള്‍ നിരവധി പാറമടകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായും സര്‍ക്കാര്‍ഭൂമി കൈയേറി പാറഖനനം നടത്തിയതായും കണ്ടെത്തിയിരുന്നു.
മൂക്കുന്നിമലയില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ എല്ലാം നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മൂക്കുന്നിമല സംരക്ഷണ സമരസമിതി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കോടതി ഉത്തരവുകളെയും മറികടന്ന് പാറഖനനത്തിന് മൈനിങ് ആന്‍ഡ് ജിയോളജി ഓഫിസുകള്‍ വഴി പഞ്ചായത്തുകളുടെ ലൈസന്‍സിന്റെ മറവില്‍ മറ്റ് രേഖകളില്ലാതെ അനുമതി നല്‍കുന്നതായി പരാതി ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് വെളിച്ചം കാണാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സ്ഥലം മാറ്റമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."