കസാഖിസ്ഥാനിലെ എണ്ണപ്പാടത്തില്‍ സംഘര്‍ഷം; മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുടുങ്ങി
നൂര്‍ സുല്‍ത്താന്‍: കസാഖിസ്ഥാനിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് മലയാളികളുള്‍പ്പെടെ 150 ഇന്ത്യക്കാര്‍ കുടുങ്ങി. വിദേശി തൊഴിലാളികളും സ്വദേശി തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷം ആരംഭിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 30 പേര്‍ക്ക് പരുക്ക് പറ്റിയതായാണ് വിവരം. വിദേശ തൊഴിലാളികള്‍ക്കിടയില്‍ പ്രചരിച്ച ചിത്രവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് കസാഖിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പ്രാദേശിക തൊഴിലാളികളെ കുറ്റപ്പെടുത്തുന്നരീതിയിലുള്ളതായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് നൂറുകണക്കിന് തൊഴിലാളികള്‍ സംഘടിച്ചു. വ്യക്തികള്‍ക്കിടയിലെ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് ടെങ്കിസ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റെന്ന് കമ്പനി അറിയിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അവര്‍ തയാറായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് കസാഖിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്ന് വി. മുരളീധരന്‍ അറിയിച്ചു. കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ രക്ഷാപ്രവര്‍ത്തനത്തിനു സഹായം തേടി സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ എംബസിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക അധികൃതരാണ് എംബസിയുമായി ബന്ധപ്പെട്ടത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."