ജനത വീണ്ടെടുക്കുന്ന നാക്കുകള്‍
കേരള സമൂഹത്തില്‍ വ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പൊലിസ് നിയമത്തിലെ 118 എ എന്ന ഭേദഗതി ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. 118 എ ഉപവകുപ്പ് കേരളത്തിന്റെ ജനാധിപത്യ സമൂഹത്തിനു നേര്‍ക്ക് നടന്ന ഏറ്റവും ഭീകരമായ ഭരണകൂട ആക്രമണങ്ങളില്‍ ഒന്നായാണ് കരുതേണ്ടത്. വ്യക്തികള്‍ക്ക് നേരെ പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് നേരെ ഓണ്‍ലൈന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പലപ്പോഴും നടക്കുന്ന വ്യക്ത്യാധിക്ഷേപങ്ങളെ തടയാനെന്ന പേരിലാണ് ഈ നിയമഭേദഗതിയെന്നായിരുന്നു സര്‍ക്കാര്‍ വ്യാഖ്യാനം. എന്നാല്‍, എല്ലാ തരത്തിലുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും ഭരണകൂടത്തിന് നിയന്ത്രിക്കാനും അടിച്ചമര്‍ത്താനും പാകത്തിലുള്ള ഒരു നിയമഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത് എന്നാണ് വസ്തുത. അതിനു സ്ത്രീ സുരക്ഷയുമായുള്ള ബന്ധം കേവലം മറ മാത്രമായിരുന്നു. ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികമായ പൗരാവകാശത്തെ ഹനിക്കുന്നതായിരുന്നു പുതിയ നിയമഭേദഗതി. അതുകൊണ്ടുതന്നെയാണ് പ്രതിഷേധങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവന്നതും.
നിയമഭേദഗതി നടപ്പാക്കില്ലെന്നും ഓര്‍ഡിനന്‍സ് പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ പറയുമ്പോഴും ഇത്തരത്തിലൊരു ഭരണകൂട പ്രവണതയുടെ ഭീഷണി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന വസ്തുത ഒന്നുകൂടി വെളിവാക്കുന്നുണ്ട്. ഇപ്പോള്‍ കേരളം പ്രകടിപ്പിച്ച രാഷ്ട്രീയജാഗ്രത തുടര്‍ച്ചയായി കാത്തുവെക്കാനുള്ള മുന്നറിയിപ്പുകൂടിയാണ് അത് നമുക്ക് നല്‍കുന്നത്.
ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നീങ്ങുന്ന പാവകളാക്കി സമൂഹത്തിനെ മാറ്റുക എന്നത് എല്ലാ ഭരണകൂടങ്ങളുടെയും ലക്ഷ്യമാണ്. നാവടക്കൂ പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥക്കാലത്തെ ആജ്ഞയെ ധിക്കരിച്ചവര്‍ ഇടിമുറികളില്‍ പിടഞ്ഞുവീണത് അതുകൊണ്ടാണ്. അനുസരണയുള്ള ആട്ടിന്‍പറ്റത്തിന്റെ ഇടയനാകാനാണ് ഭരണകൂടത്തിന്റെ താല്‍പര്യം. വരവിനു വിളിക്കുമ്പോള്‍ അനുസരണയോടെ നടന്നുപോകുന്ന ആടുകളാകാന്‍ തയാറാണോ എന്ന ചോദ്യത്തിന് അല്ല എന്നുത്തരം നല്‍കുന്ന ഒരു സമൂഹത്തില്‍ മാത്രമേ ജനാധിപത്യവും നാഗരികതയും അതിന്റെ ഭാവി കണ്ടെത്തുകയുള്ളൂ.
കേരളം പൊലിസ് നിയമ ഭേദഗതി 118 എ പിന്‍വലിക്കാനുള്ള തീരുമാനത്തിലെത്തിയത് ചില സുപ്രധാന വസ്തുതകള്‍ നമ്മോട് പറയുന്നുണ്ട്. ഒരു ജനാധിപത്യം സാധ്യമാകുന്നത് പൗരന്മാര്‍ ഭരണപ്രക്രിയയില്‍ ഇടപെടുമ്പോഴാണ് എന്നാണ് ഇതിലെ ഏറ്റവും സുപ്രധാനമായ കാര്യം. സാമ്പ്രദായികമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ നമുക്ക് നല്‍കുന്നത് വോട്ടു ചെയ്യുക എന്നതിനപ്പുറം പൗരന്മാര്‍ക്ക് ഭരണപ്രക്രിയയില്‍ ഇടപെടാന്‍ കഴിയാത്ത ഒരു സംവിധാനത്തെയാണ്. ഇപ്പോഴും അങ്ങനെത്തന്നെയാണ് കാര്യങ്ങള്‍. എന്നാല്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും വരവ് വലിയൊരു മാറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അത് സാമൂഹ്യമായ ആശയ വിനിമയത്തിനും സംവാദത്തിനുമുള്ള സാമൂഹ്യസാധ്യതകളെ അതിവിപുലമാക്കി എന്നതാണ്.
മറ്റേതു സാങ്കേതികവിദ്യയേയും പോലെ ഡിജിറ്റല്‍ സാങ്കേതികവിദ്യയും കോര്‍പറേറ്റുകളുടെയും മുതലാളിത്തത്തിന്റെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് രൂപപ്പെടുന്നതും സാമൂഹ്യ ഉപഭോഗത്തിനായി വിട്ടുകിട്ടുന്നതും. എന്നാല്‍, ഈ ഉപഭോഗ വിപണിയില്‍നിന്നും സാമൂഹ്യ സംവാദങ്ങളുടെ മറ്റൊരു ഉപയോഗമൂല്യം അതിലുണ്ടാക്കിയെടുക്കാന്‍ മനുഷ്യര്‍ക്ക് കഴിയും. ലോകത്ത് ഇത് ചെറിയ തോതിലെങ്കിലും സംഭവിക്കുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 118 എ എന്ന ജനാധിപത്യ വിരുദ്ധ നിയമഭേദഗതി പിന്‍വലിപ്പിക്കാന്‍ പൊതുസമൂഹത്തിന് കഴിഞ്ഞത്. ഇത് ചെറിയ കാര്യമല്ല. ഇന്ത്യ ഇന്ന് കടന്നുപോകുന്ന ഇരുട്ടില്‍ ഒട്ടും ചെറുതല്ലാത്ത പ്രാധാന്യം ഇതിനുണ്ട്. പൗരത്വ നിയമഭേദഗതി ഇപ്പോഴും ദശലക്ഷക്കണക്കിനു മനുഷ്യരുടെ അസ്തിത്വത്തിനു മുകളില്‍ തൂങ്ങിനില്‍ക്കുന്ന കാലത്ത് ഭരണകൂടവുമായി ഒരു ജനാധിപത്യ സംവാദത്തില്‍ ഏര്‍പ്പെടുകയും ആ ഭരണകൂടത്തെക്കൊണ്ട് നയം മാറ്റിക്കുകയും ചെയ്ത ഒരു ജനതയുടെ നേട്ടത്തെ നാം കുറച്ചു കണ്ടുകൂടാ. അത്തരത്തിലൊരു ജനാധിപത്യ സംവാദ സാധ്യത കേരളം ഇപ്പോഴും നിലനിര്‍ത്തുന്നു എന്നുള്ളത് ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം അതിന്റെ എല്ലാ ക്രൗര്യവും പുറത്തെടുക്കുന്ന ഇന്ത്യയില്‍ നിര്‍ണായകമായൊരു നേട്ടവുമാണ്.
ഒരു ഓര്‍ഡിനന്‍സ് വഴിയാണ് കേരള സര്‍ക്കാര്‍ 118 (എ)ക്ക് വേണ്ടിയുള്ള നിയമഭേദഗതി കൊണ്ടുവന്നത്. നിയമനിര്‍മാണ സഭ ചേരാത്ത ഘട്ടങ്ങളില്‍ അടിയന്തര നിയമനിര്‍മാണത്തിന് മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് ഓര്‍ഡിനന്‍സ്. എന്നാല്‍, നിയമനിര്‍മാണ സഭയെ മറികടന്ന് സര്‍ക്കാര്‍ നിയമങ്ങള്‍ നടപ്പില്‍വരുത്താന്‍ ഉപയോഗിക്കുന്ന ഒരു കുറുക്കുവഴിയായി ഓര്‍ഡിനന്‍സ് മാറുന്നു എന്നതിനെതിരേ സുപ്രിംകോടതി പലപ്പോഴും വിധികള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യ രാഷ്ട്രീയത്തെയും സാമൂഹ്യസംവാദങ്ങളേയും ഇത്രയേറെ ബാധിക്കുന്ന ഒരു നിയമഭേദഗതി നിയമസഭയിലോ പൊതുസമൂഹത്തിലോ യാതൊരു ചര്‍ച്ചയും കൂടാതെ ഓര്‍ഡിനന്‍സ് വഴിക്ക് തീരുമാനിച്ച കേരള സര്‍ക്കാര്‍ വാസ്തവത്തില്‍ ആ ജനാധിപത്യവിരുദ്ധ നിയമത്തിന്റെ അന്തഃസത്തയെ വെളിപ്പെടുത്തുകയാണ് ചെയ്തത്.
ഈ കുരുക്കുവഴികളെയാണ് ഡിജിറ്റല്‍ ലോകത്ത് രൂപപ്പെടുന്ന ഒരു സംവാദ സമൂഹം എതിരിട്ടത്. ഒരു വെര്‍ച്വല്‍ ലോകത്തില്‍ മാത്രം ബന്ധപ്പെടുന്ന മനുഷ്യരുണ്ടാക്കുന്ന ജനാധിപത്യ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ അതിന്റേതായ സ്ഥാനമുണ്ടെന്നുകൂടിയാണ് തെളിയുന്നത്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരും സാമ്പ്രദായിക മാധ്യമങ്ങളും ഏകപക്ഷീയമായി നടത്തിയിരുന്ന, തട്ടില്‍ നടക്കുന്ന നാടകം പോലെയായിരുന്നു രാഷ്ട്രീയ ചര്‍ച്ചകള്‍. എന്നാല്‍, പ്രധാന ഉപയോക്താക്കളായ മഹാഭൂരിപക്ഷം വരുന്ന മറ്റു മനുഷ്യര്‍ക്കുകൂടി ഇടപെടാവുന്ന, എപ്പോള്‍ വേണമെങ്കിലും മാറിമറിയാവുന്ന ഒരു തിരക്കഥയാണ് ഇനി രാഷ്ട്രീയ സംവാദങ്ങള്‍ എന്ന് വരികയാണ്.
ഇതെല്ലാം വളരെ എളുപ്പത്തില്‍ പൂര്‍ണതോതില്‍ നടപ്പായിക്കഴിഞ്ഞ ഒരു സാമൂഹ്യപ്രക്രിയയാണ് എന്ന് കരുതേണ്ടതില്ല. മനുഷ്യരുടെ ജനാധിപത്യ ഇടപെടലുകള്‍ എത്രത്തോളം വളര്‍ന്നുവോ അത്രത്തോളം അതിനെതിരായ ഭരണകൂട നീക്കങ്ങളും ഉണ്ടാകും. ഇന്ത്യയിലെ സാമ്പ്രദായിക മാധ്യമങ്ങള്‍ ഏതാണ്ടെല്ലാം തന്നെ കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ കുഴലൂത്തുകാരായത് നാം കണ്ടതാണ്. അത് കേവലമായ രാഷ്ട്രീയ വിധേയത്വം മാത്രമാകുന്നില്ല. ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും വന്‍കിട പത്രങ്ങളും അടങ്ങുന്ന മാധ്യമരംഗം മുഴുവനായും കോര്‍പറേറ്റുകള്‍ തങ്ങളുടെ ഉടമസ്ഥതയിലാക്കിയതിന്റെ ബാക്കിപത്രമാണ് ഇത്.
ഇത് ലോകത്തിലെത്തന്നെ ഏറ്റവും ഭരണകൂടവിധേയത്വം പേറുന്ന മാധ്യമരംഗമായി ഇന്ത്യയെ മാറ്റിയിരിക്കുന്നു. ഇവിടെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ജനാധിപത്യ പ്രസക്തി. അത് മുതല്‍മുടക്കേറെയില്ലാത്ത ഒരു ആശയസംവേദന സംവിധാനത്തെ ജനങ്ങള്‍ക്കായി ഉണ്ടാക്കിയിരിക്കുന്നു. സാമാന്യമായ അറിവിന്റെ കുത്തക ഒരു പരിധിവരെയെങ്കിലും ഇല്ലാതാവുകയും സാമ്പ്രദായിക മാധ്യമങ്ങളുടെ വാര്‍ത്താ വൈദഗ്ധ്യത്തിനു മുകളിലുള്ള സമൂഹത്തിന്റെ ആശ്രിതത്വം ഗണ്യമായി കുറയുകയും ചെയ്തു.
ഓരോ മനുഷ്യനും തന്റെ അഭിപ്രായങ്ങള്‍ ലോകത്തോട് പറയാന്‍ കഴിയും വിധത്തില്‍, അയാളുടെ ചുറ്റുപാടിന്റെ പരിമിതികള്‍ ബാധിക്കാത്ത വിധത്തില്‍, അനേകലക്ഷം മനുഷ്യരുടെ ഒരു സംവാദമണ്ഡലമാണ് ഓരോ ദിവസവും രൂപപ്പെടുന്നത്. അത്തരത്തിലൊരു ജനാധിപത്യ സംവാദ മണ്ഡലത്തിലാണ് കേരളം 118 എ എന്ന ജനാധിപത്യവിരുദ്ധ നിയമത്തിനെതിരേ അസാധാരണമായ പ്രതിഷേധമുയര്‍ത്തുകയും അത് പിന്‍വലിക്കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കുകയും ചെയ്തത്. ഇത് ജനാധിപത്യത്തെക്കുറിച്ച് ജനങ്ങളുടെ നിരന്തരമായ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുമുള്ള പുതിയ സാധ്യതകളെ ഗുണപരമായിത്തന്നെ നമുക്ക് തുറന്നുതരുന്നു. ഇത്തരത്തിലൊരു ജനാധിപത്യ രാഷ്ട്രീയ സംവാദത്തോട് പ്രതികരിക്കാന്‍ കേരള സര്‍ക്കാര്‍ തയാറായി എന്നത് മോശമായ കാര്യമല്ല. അങ്ങനെ അവഗണിച്ചുപോകാന്‍ കഴിയുന്ന ഒന്നല്ല അതെന്നുകൂടിയാണ് പുതിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."