സംസ്ഥാന ഹജ്ജ് ക്യാംപ് ഉദ്ഘാടനം ആറിന്; ആദ്യ വിമാനം ഏഴിന് ഉച്ചയ്ക്ക് 2.25ന്
മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാംപ് ആറിന് വൈകിട്ട് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് ഹൗസിനോടനുബന്ധിച്ച് നിര്‍മിക്കുന്ന വനിതാ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മവും മുഖ്യമന്ത്രി നിര്‍വഹിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. ഹജ്ജ് വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനാകും.
എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തും. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എളമരം കരീം, എം.കെ രാഘവന്‍, പി.വി അബ്ദുല്‍ വഹാബ്, എം.എല്‍.എ മാരായ ടി.വി ഇബ്രാഹീം, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്‌സിന്‍, പി.ടി.എ റഹീം, മുന്‍ മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കരിപ്പൂര്‍ വിമാനത്താവള ഡയരക്ടര്‍ കെ.ശ്രീനിവാസ റാവു, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി ഷീബ, വിവിധ മത, രാഷ്ട്രീയ, സാമൂഹിക, സേവന മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
ഹജ്ജ് ക്യാംപില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് സെല്ലിന് നാളെ തുടക്കമാവും. സര്‍ക്കാര്‍ നിയോഗിച്ച 55 ഹജ്ജ് സെല്‍ അംഗങ്ങള്‍ നാളെ ചുമതലയേല്‍ക്കും. ഡിവൈ.എസ്.പി എസ്.നജീബാണ് ഹജ്ജ് സെല്‍ ഓഫിസര്‍. ഹാജിമാരെ സ്വീകരിക്കുന്നതിനും താമസിപ്പിക്കുന്നതിനുമുള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും ഇന്നത്തോടെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവും. ഹജ്ജ് സെല്ലിന്റെ ട്രയല്‍ റണ്‍ നാളെ നടക്കും.
കരിപ്പൂരില്‍നിന്നുള്ള ആദ്യ വിമാനം ജൂലൈ ഏഴിന് ഉച്ചയ്ക്ക് 2.25ന് പുറപ്പെടും. 300 പേരാണ് ആദ്യ വിമാനത്തില്‍ യാത്രയാവുക. ഹജ്ജ് വളന്റിയര്‍മാരായ എന്‍.പി സൈതലവി, മുജീബ് റഹ്മാന്‍ പുഞ്ചിരി എന്നിവര്‍ ആദ്യ വിമാനത്തില്‍ തീര്‍ഥാടകരെ അനുഗമിക്കും.
ഏഴു മുതല്‍ 20 വരെ സൗദി എയര്‍ ലൈന്‍സിന്റെ 36 വിമാനങ്ങളിലായാണ് ഹാജിമാര്‍ യാത്രയാകുന്നത്. കൊച്ചിയില്‍നിന്ന് ജൂലൈ 14 മുതല്‍ 17 വരെ എയര്‍ ഇന്ത്യയാണ് സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."