നഗരത്തിലെ വിദ്യാലയങ്ങള്‍ക്കു മുന്നിലെ കാല്‍നട മേല്‍പ്പാല നിര്‍മാണം നടപ്പായില്ല
പാലക്കാട്: അധ്യയനവര്‍ഷങ്ങള്‍ ഓരോന്നും കടന്നുപോവുമ്പോഴും വിദ്യാലയങ്ങള്‍ക്കു മുന്നിലെ കാല്‍നടമേല്‍പ്പാല നിര്‍മാണം കടലാസിലൊതുങ്ങുകയാണ്. 2014ല്‍ വിക്‌ടോറിയ കോളജിനു മുന്നില്‍ വിദ്യാര്‍ഥിനി ദാരുണമായി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിലെയും പരിസരങ്ങളിലെയും വിദ്യാലയങ്ങള്‍ക്കു മുന്നില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ ഭരണകൂടം പദ്ധതിയിട്ടത്. പി.എം.ജി.എച്ച്.എസ്, മോയന്‍ ഗേള്‍സ് ഹൈസ്‌ക്കൂള്‍, മിഷ്യന്‍ സ്‌കൂള്‍ തുടങ്ങിയ നഗരത്തിലെ പ്രധാന സ്‌കൂളുകള്‍ക്കു മുന്നിലാണ് വിദ്യാര്‍ഥികള്‍ക്ക് റോഡു മുറിച്ചു കടക്കുന്നതിനായി കാല്‍നടമേല്‍പ്പാലം നിര്‍മിക്കുന്നതിനായി പദ്ധതിയിട്ടത്.
നഗരത്തിലെ വിവിധ വിദ്യാലയങ്ങളില്‍നിന്ന് നിരവധി വിദ്യാര്‍ഥികളാണ് രാവിലെയും വൈകിട്ടുമായി റോഡിലൂടെ കാല്‍നടയാത്രചെയ്യുന്നത്. റോഡിലെ വാഹനത്തിരക്കു കാരണം റോഡ് മുറിച്ചുകടക്കാന്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയുമാണ്. നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും സ്‌കൂളുകള്‍ക്കു മുന്നില്‍ വേഗതാനിയന്ത്രണ സംവിധാനങ്ങളില്ലാത്തതും പലപ്പോഴും അപകടത്തിനിടയാക്കുന്നുമുണ്ട്. മോയന്‍ ഹൈസ്‌ക്കൂളിനു മുന്നില്‍ മുന്‍പ് സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിനി ദാരുണമായി മരണപ്പെട്ടിരുന്നു. ഇതിനു പുറമേ നിത്യേന ചെറുതും വലുതുമായി നിരവധി അപകടങ്ങള്‍ നടക്കുന്നുമുണ്ട്.
എന്നാല്‍ ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും വിദ്യാലയങ്ങള്‍ക്കു മുന്നിലെ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം കടലാസില്‍ ഒതുങ്ങുകയാണ്. ചിലയിടങ്ങളില്‍ സ്‌കൂള്‍ സമയത്ത് പൊലിസിന്റെ സേവനമുണ്ടാകുമെങ്കിലും പലപ്പോഴും തിരക്ക് നിയന്ത്രണാതീതമാവുകയാണ്. വിദ്യാലയങ്ങള്‍ക്കകത്ത് നിരവധി പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുമ്പോഴും അധികൃതര്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തെപ്പറ്റി ചിന്തിക്കാറില്ല.
സ്‌കൂളുകള്‍ക്കു മുന്നിലെ നടപ്പാലനിര്‍മാണത്തിനു പദ്ധതിയിട്ട ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങിയതോടെ പ്രഖ്യാപിച്ച പദ്ധതിയും കടലാസിലൊതുങ്ങിയെന്നു മാത്രമല്ല മാറിവന്ന ഭരണസമിതി ഇത്തരം വിഷയം അറിഞ്ഞമട്ടുമില്ല. അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും നഗരത്തിലെ സ്‌കൂളുകള്‍ക്കു മുന്നിലെ കാല്‍നടമേല്‍പ്പാലം നിര്‍മിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."