കണ്ണൂരിലുണ്ട് ഇടതുമുന്നണിക്ക് 'അക്കൗണ്ട്' ഇല്ലാത്ത ഒരു പഞ്ചായത്ത്
മാട്ടൂലില്‍ കഴിഞ്ഞ രണ്ടു ടേമിലും സി.പി.എം പടിക്കുപുറത്ത്
എം.പി മുജീബ് റഹ്മാന്
കണ്ണൂര്‍: സി.പി.എം കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ ഒരു പതിറ്റാണ്ടായി ഇടതുമുന്നണിക്കു ഒരു സീറ്റ് പോലും ലഭിക്കാത്ത ഒരു പഞ്ചായത്തുണ്ട്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുവെങ്കിലും കണ്ണൂരിലെ മാട്ടൂലില്‍ കഴിഞ്ഞ പത്തുവര്‍ഷമായി എല്‍.ഡി.എഫിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം യു.ഡി.എഫ് ഭരിച്ച മാട്ടൂല്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുടെ ഒരംഗമാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. അതാകട്ടെ അമ്മാവനെതിരേ മരുമകന് നേടിയ വിജയവും. 17 അംഗ ഭരണസമിതിയില്‍ 16 പേരും യു.ഡി.എഫ് പക്ഷത്തായിരുന്നു. മുസ്ലിം ലീഗിനു മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ ലീഗ് 10, കോണ്‍ഗ്രസ് 6 എന്നിങ്ങനെയാണു കക്ഷിനില. മുസ്ലിം ലീഗിലെ കെ.വി മുഹമ്മദലിയായിരുന്നു പ്രസിഡന്റ്.
ആന്തൂര്‍ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും ഇടതുമുന്നണി എതിരില്ലാതെ ജയിക്കുന്ന കണ്ണൂരിലാണു മാട്ടൂലില്‍ ഒരു പതിറ്റാണ്ടായി സി.പി.എമ്മിനോ ഇടതുമുന്നണിക്കോ ജനപ്രതിനിധി ഇല്ലാത്തത്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാട്ടൂലില്‍ പ്രതിപക്ഷം ഉണ്ടായിരുന്നില്ല. 2005ല്‍ രണ്ടു സി.പി.എം അംഗങ്ങളും ഒരു എല്‍.ഡി.എഫ് സ്വതന്ത്രനും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കുറി യു.ഡി.എഫില്‍ മുസ്ലിം ലീഗ് 11 ഇടത്തും കോണ്‍ഗ്രസ് ആറിടത്തുമാണു മത്സരിക്കുന്നത്. എല്‍.ഡി.എഫില്‍ സി.പി.എം 13, സി.പി.ഐ മൂന്ന്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെയാണ് ജനവിധി തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."