തങ്ങള്‍ ബനാന റിപ്പബ്ലിക് അല്ലെന്നു കാനഡയോട് സഊദി, സമീപനം തിരുത്താതെ ഖത്തറുമായി യോജിപ്പിനില്ല- നിലപാട് വ്യക്തമാക്കി വിദേശ കാര്യ മന്ത്രി
റിയാദ്: നിലപാടുകള്‍ മാറ്റാതെ ഖത്തറുമായി സഊദി യാതൊരു വിധ അടുപ്പത്തിനില്ലെന്ന് സഊദി വിദേശ കാര്യ മന്ത്രി. എത്ര വര്‍ഷമെടുത്താലും തങ്ങള്‍ ആരോപിച്ച നിലപാടുകളില്‍ ഖത്തര്‍ മാറ്റം വരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ യു.എസ് ഫോറിന്‍ റിലേഷന്‍സ് കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് സഊദി നിലപാട് ശക്തമാക്കി സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ രംഗത്തെത്തിയത്.
ഖത്തര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ പത്തോ പതിനഞ്ചോ വര്‍ഷം ബഹിഷ്‌കരിക്കാന്‍ സഊദിക്ക് കഴിയും. 1990 മുതല്‍ ഖത്തര്‍ അസ്ഥിരതക്കുള്ള സഹായം ചെയ്തു വരികയാണ്. മുസ്‌ലിം ബ്രദര്‍ ഹുഡ് പോലെയുള്ള തീവ്രവാദ സംഘങ്ങള്‍ക്കുള്ള അഭയ കേന്ദ്രമായാണ് ഖത്തര്‍ പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ അതിന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നതുവരെ ഞങ്ങളുടെ നിലവിലെ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കാനഡയുടെ നിലപാടിനെതിരെയും സഊദി വിദേശ കാര്യ മന്ത്രി സഊദി നിലപാടുകള്‍ വ്യക്തമാക്കി. സഊദിക്കെതിരെ കാനഡ കൈകൊണ്ട നിലപാടുകള്‍ തിരുത്തി മാപ്പു പറയുകയാണ് വേണ്ടത്. സഊദി ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട കാനഡയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. സഊദി അറേബ്യ 'ബനാന റിപ്പബ്ലിക്' അല്ലെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഇത്തരത്തിലുള്ള നിലപാടുകള്‍ ഏതൊരു രാജ്യത്തിനും അംഗീകരിക്കാന്‍ കഴിയില്ല. നിലപാടുകളില്‍ മാറ്റം വരുത്തിന് സഊദിയോട് ക്ഷമാപണം നടത്തുകയാണ് കാനഡ വേണ്ടത്. തങ്ങളുടെ വീഴ്ച്ചകളില്‍ അംഗീകരിക്കണം. ഉഭയകക്ഷി ബന്ധം വഷളാക്കുന്ന നടപടികള്‍ കാനഡയുടെ ഭാഗത്തു നിന്നാണുണ്ടായത്. പ്രതിസന്ധി പരിഹരിക്കുന്നതിന് ശ്രമിക്കേണ്ടതും കാനഡയാണ്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടതിന് കാനഡ തങ്ങളോട് മാപ്പ് പറയണം. കാനഡയില്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ നേട്ടം കൊയ്യുന്നതിനുള്ള രാഷ്ട്രീയ തുറുപ്പുചീട്ടായി സഊദിയെ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും ഉടന്‍ തീരുമാനമെടുക്കുമെന്ന് കിംവദന്തികളില്‍ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."