ഉദയകുമാറിന് ജീവിതത്തിലേക്ക് തിരിച്ചുവരാം... കരുണയുള്ളവര്‍ കനിഞ്ഞാല്‍
കൊട്ടാരക്കര: കരുണയുള്ളവര്‍ കനിഞ്ഞാല്‍ ഉദയകുമാറിന് ജീവിതത്തിലേക്ക് തിരിച്ചുവരാം. ചെറുപ്പത്തില്‍ തന്നെ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച നിര്‍ധന യുവാവ് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ കരുണയുള്ളവര്‍ കൈകോര്‍ത്താല്‍ മാത്രമെ രക്ഷയുള്ളൂ. കൊട്ടാരക്കര അമ്മന്‍കോവിലിന് സമീപം ഓട്ടോറിക്ഷകളുടെ അറ്റകുറ്റപണി നടത്തി ജീവിത ചക്രം തിരിക്കാന്‍ വരുമാനം കണ്ടെത്തി സന്തോഷകരമായി മുന്നോട്ട് പോയ ഉദയകുമാറിന് എട്ടുവര്‍ഷം മുന്‍പുണ്ടായ വാഹനാപകടമാണ് വില്ലനായി എത്തിയത്.അടുത്തിടെ ഒരുവശം തളരാന്‍ തുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് ബ്രെയിന്‍ ട്യൂമര്‍ എന്ന മാരക രോഗമാണന്ന് തിരിച്ചറിഞ്ഞത്. തിരുവനന്തപുരത്തെ എല്ലാ ആശുപത്രികളും ഏറ്റെടുക്കാന്‍ മടിച്ചവിധം വലിയ മുഴകളാണ് ഉദയകുമാറിന്റെ തലച്ചോറിലുള്ളത്.
എറണാകുളത്ത് അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി സുഖപ്പെടുത്താമെന്ന് ഏറ്റെങ്കിലും പത്തുലക്ഷം രൂപ വേണ്ടി വരും. ഭാര്യയും നാലരവയസ്സു മാത്രം പ്രായമുള്ള മകളുമടങ്ങുന്ന കുടുംബത്തിന് ഉദയകുമാറിനെ ചികിത്സിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. സ്വന്തമായി വീടു പോലുമില്ലാത്ത ഈ കുടുബത്തിന്റെ ദയനീയസ്ഥിതിയില്‍ താങ്ങായി അമ്മന്‍കോവില്‍ പൗരസമിതിയും കുറെ നല്ലവരായ ചെറുപ്പക്കാരും സജീവമായി രംഗത്തുണ്ട്. തങ്ങളുടെ വാഹനത്തിന്റെ അറ്റകുറ്റപണി നടത്തിയിരുന്ന മേസ്തിരിയെ സഹായിക്കാന്‍ ചികിത്സിക്കാന്‍ പണം തേടി ഓട്ടോ ഡ്രൈവര്‍മാരുടെ ഒരു ദിനം പൂര്‍ണ്ണമായും മാറ്റിവച്ചു. കൊട്ടാരക്കര റയില്‍വെ സ്‌റ്റേഷന്‍ ജംഗ്ഷനിലെ എല്ലാ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും കൂടി തിങ്കളാഴ്ച ദിനത്തിലെ ഓട്ടത്തിന്റെ തുക ഏതാണ്ട് 50000 രൂപയോളം ഇങ്ങനെ കണ്ടെത്തി.
യാത്രക്കാരെ കാര്യം അറിയിക്കുന്നതിനായി എല്ലാ ഓട്ടോറിക്ഷകളിലും ബാനറും കെട്ടിയിരുന്നു. കഴിഞ്ഞ ദിവസത്തെ ഓട്ടത്തിന് അവര്‍ ആരോടും കണക്കു പറഞ്ഞില്ല. യാത്രക്കാരാരും ബാക്കി ചോദിച്ചതുമില്ല. ഓട്ടോയില്‍ സ്ഥാപിച്ചിരുന്ന വഞ്ചിയില്‍ തങ്ങളാല്‍ കഴിയുന്നത് അവരും ഇട്ടു. തിങ്കളാഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു ഉദയകുമാറിനെ. പകുതി പണമെങ്കിലും ഒത്താല്‍ അടുത്ത ദിവസം തന്നെ ഉദയകുമാറിനെ ആശുപത്രിയിലെത്തിക്കുമെന്ന് പൗരസമിതി ഭോരവാഹികള്‍ പറയുന്നു. സുമനസുകളുടെ കരുണകൂടിയുണ്ടങ്കില്‍ ഈ യുവാവിനെ വീണ്ടും ജീവിതത്തിലേക്ക് തരിച്ചുകൊണ്ട് വാരം. ഫെഡറല്‍ ബാങ്കില്‍ 18840100030823 (ഐ.എഫ്.സി- എഫ്.ഡി.ആര്‍.എല്‍ 0001884) എന്ന നമ്പരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് 9947385800, 7736182001.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."