മെഡി.കോളജ് വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍പ്ലാനിന് കാലതാമസം കൂടാതെ അംഗീകാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായ രോഗീ സൗഹൃദ ഒ.പി സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും എസ്.എ.ടി. ആശുപത്രിയിലെ പുതിയ മാതൃശിശു മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്തി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് മുന്‍കൂര്‍ അപ്പോയ്‌മെന്റ് എടുക്കുവാനുള്ള സംവിധാനവും ഇതോടൊപ്പം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുവാന്‍ ബജറ്റില്‍ 400 കോടി രൂപ കിഫ്ബി വഴി വകയിരുത്തിയിട്ടുണ്ട്. കിഫ്ബിക്ക് മെഡിക്കല്‍ കോളജ് സമര്‍പ്പിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിയും നിലവിലുള്ള എല്ലാ വികസന പദ്ധതികളും ഉള്‍പ്പെടുത്തിയായിരിക്കും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. പ്രകൃതിസൗഹൃദമായ രീതിയില്‍ ലോകോത്തര നിലവാരത്തില്‍ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉപകരണങ്ങളും ഓപ്പറേഷന്‍ തിയേറ്റര്‍ കോപ്ലക്‌സുകളും ഇവിടെ ഒരുക്കുവാന്‍ ഇതിലൂടെ സാധിക്കും. ഇത്തരത്തിന്‍ മറ്റ് മെഡിക്കല്‍ കോളജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗീസൗഹൃദ ഒപി സംവിധാനത്തിലൂടെ ഒരു വ്യക്തി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി തിരിച്ച് പോകുന്നതുവരെയുള്ള വിവിധ ക്രമീകരണങ്ങളാണ് ലക്ഷ്യമിടുന്നത്.
ലോക്കല്‍ ഒ.പി.യും റഫറല്‍ ഒ.പി.യുമുണ്ട്. റഫറല്‍ ഇല്ലാതെ വരുന്നവര്‍ക്കും ഇവിടെ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വികലാംഗര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി എത്തുന്ന ഒരു രോഗിക്കുപോലും പ്രയാസപ്പെടേണ്ട സാഹചര്യം ഇനി ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ആര്‍ദ്രം പദ്ധതിയിലൂടെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗീ സൗഹൃദമായ അന്തരീക്ഷരം ഒരുക്കിവരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി. ആരോഗ്യ കേരളം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വി.കെ. മധു, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ഡോ. തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."