പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് കമ്മിഷന് അയോഗ്യയാക്കി
പോത്തന്‍കോട്: പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ഷാനിബ ബീഗത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അയോഗ്യയാക്കി. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തുടരുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. ആറ് വര്‍ഷത്തേക്കാണ് വിലക്ക്.
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് 2017 ഒക്ടോബര്‍ 30 ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗമായ ഷാനിബ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ച് വിജയിച്ചിരുന്നു. ഇതേ തുടര്‍ന്ന് എല്‍ ഡി.എഫിന് ഭരണം ലഭിക്കുകയും ചെയ്തിരുന്നു. മറ്റൊരു കോണ്‍ഗ്രസ് അംഗമായ വസന്തകുമാരിയുടെ ഹരജി അനുവദിച്ചാണ് കമ്മിഷന് ഉത്തരവിറക്കിയത്.
യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം ലഭിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ജലജകുമാരിയുടെയും വൈസ് പ്രസിഡന്റ് അഡ്വ. അല്‍ത്താഫിന്റെയും നേതൃത്വത്തില്‍ ഭരണം നടത്തി വരവെ 10 മാസത്തിന് ശേഷം എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് ഭരണം നഷ്ടമായി.
അന്ന് കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ ജോളി പത്രോസ് എല്‍.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. തുടര്‍ന്ന് എല്‍.ഡി.എഫ് പിന്തുണയോടെ ജോളിപത്രോസ് പ്രസിഡന്റായും എല്‍.ഡി.എഫിലെ അഡ്വ. യാസര്‍ വൈസ് പ്രസിഡന്റായും എല്‍.ഡി.എഫ് ഭരണത്തിലെത്തുകയായിരുന്നു. എന്നാല്‍ ആറു മാസത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുമായി നടന്ന അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജി വച്ച ജോളി പത്രോസ്, കോണ്‍ഗ്രസിലേക്ക് തിരികെ മടങ്ങിയെങ്കിലും മുന്‍ പ്രസിഡന്റ് ജലജകുമാരി നല്കിയ പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ഇവരെ അന്ന് അയോഗ്യയാക്കിയിരുന്നു. ഇതിനെതിരേ ജോളി പത്രോസ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. വോട്ടവകാശമില്ലാത്ത അംഗമായി ഇപ്പോഴും തുടരുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് 2017 ഒക്ടോബര്‍ 30ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മറ്റൊരംഗമായ ഷാനിബ ബീഗം എല്‍.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുകയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്.
17 അംഗ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഒന്‍പത് അംഗങ്ങളും എല്‍.ഡി.എഫിന് എട്ട് അംഗങ്ങളുമാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."