HOME
DETAILS
MAL
കനല്‍ക്കാറ്റായ് അമ്മിച്ചി
backup
December 06 2020 | 04:12 AM
തുരുമ്പെടുത്ത ഇരുമ്പ്‌ഗേറ്റുകളെ തമ്മില്‍ ബന്ധിച്ചിരുന്ന ചങ്ങലക്കണ്ണികളിലെ പഴകിപ്പൊളിഞ്ഞ പിത്തളത്താഴ് മെല്ലെ തുറക്കുമ്പോള്‍ കറുത്തുമെലിഞ്ഞ പട്ടി വീണ്ടും കുരച്ചു. ഒപ്പം കൂട്ടില്‍ കിടന്ന മറ്റു രണ്ടുപട്ടികളും കുരക്കാനും ഉറഞ്ഞുതുള്ളാനും തുടങ്ങി. അരികെക്കിടന്ന നീണ്ടുനിവര്‍ന്ന വടിയെടുത്ത് 'അകത്തുകയറെടാ' എന്ന അമ്മിണിപീറ്ററുടെ ആജ്ഞകേട്ടിട്ടാവണം, പിന്നെ പട്ടികള്‍ കുരച്ചില്ല. എങ്കിലും മെല്ലെ മുറുമുറുത്തു കൊണ്ടിരുന്നു. പിന്നെ ഒന്നിച്ചൊരു നോട്ടവും. കാണിച്ചുതരാം എന്ന മട്ടില്‍.
ദലിതുകളേയും പട്ടിണിപ്പാവങ്ങളേയും അടിമത്വത്തില്‍നിന്നു മോചിപ്പിക്കാന്‍ ജന്മം മുഴുവന്‍ ഉഴിഞ്ഞുവച്ച കോട്ടയം വാകത്താനം കണ്ണഞ്ചിറ അമ്മിണിപീറ്റര്‍ എന്ന എഴുപത്തേഴുകാരിക്കു ജാതിക്കോമരങ്ങളുടെ വായടപ്പിക്കാന്‍ വടിയെടുക്കേണ്ടി വന്നില്ല. മുഖത്തുനോക്കി നേര്‍ക്കുനേര്‍ നിന്നുപൊരുതിയ ആ സംഭവങ്ങളൊന്നും മാലോകര്‍ അറിഞ്ഞതുമില്ല. അവരുടെമേല്‍ ദലിത് എന്ന മേലങ്കിവീണതുകാരണം മേല്‍ജാതിക്കാരുടെ മേല്‍ക്കോയ്മയില്‍ കെട്ടുപിണഞ്ഞ മാധ്യമങ്ങളൊന്നും അതു പുറംലോകത്തെ അറിയിച്ചതുമില്ല. കനല്‍ക്കാറ്റായി മാറിയ ആ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ അവര്‍ക്കു പറയാനുണ്ട് ഒത്തിരി കാര്യങ്ങള്‍.
'ദലിതന് ഇന്നു ഏകോപനമില്ല. അവരുടെ ശക്തി അവര്‍ തരിച്ചറിയുന്നില്ല. അവരുടെ ഭാവി അവര്‍തന്നെ കളഞ്ഞുകുളിച്ചോ എന്ന സംശയമുണ്ട്. എങ്ങനെ സംശയിക്കാതിരിക്കും. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ദലിതനെ വീതിച്ചെടുത്തിരിക്കുകയല്ലേ. എന്തിനുപറയുന്നു, സവര്‍ണ പാര്‍ട്ടികള്‍പോലും അവനെ വീതിച്ചെടുത്തിരിക്കുന്നു. പഴയകാല അടിമത്വത്തിലേക്ക് അവനെ കൊണ്ടുപോകാനുള്ള ഗൂഡാലോചനയാണ് ഇതെന്ന് അവന്‍ തിരിച്ചറിയുന്നില്ല. താന്‍ ആരാണെന്നു ദലിതന്‍ തിരിച്ചറിയേണ്ട കാലം കഴിഞ്ഞു. ഒപ്പം തങ്ങളുടെ ശക്തിയും തിരിച്ചറിയണം. എങ്കിലേ വിജയിക്കാനാവൂ.'
ദലിത് ജനതയുടെ മോചനത്തിനായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് എഴുപത്തേഴാം വയസിലും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ മുഖത്ത് എന്തെന്നില്ലാത്ത പ്രകാശം. കേസിനുമേല്‍ കേസും എതിര്‍പ്പിനു മുകളില്‍ എതിര്‍പ്പുകള്‍ക്കിടയിലും നിന്നുകൊണ്ട് ആരാലും അറിയപ്പെടാത്ത ദലിത് മോചിതയായി പ്രവര്‍ത്തിച്ചിരുന്ന അമ്മിച്ചി എന്നു നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന അമ്മിണി പീറ്റര്‍ പിറന്നുവീണതു പറയ സമുദായത്തില്‍ ആണെങ്കിലും പിന്നീടു ക്രിസ്ത്യാനി ആകുകയായിരുന്നു. ജാതിയുടെ ചങ്ങലക്കെട്ടുകളില്‍നിന്നു പുറത്തുവരാനായി യാതനകള്‍ ഒരുപാട് സഹിച്ചു. കണ്ണഞ്ചിറയിലെ ആസ്ബസ്റ്റോസ് പാകിയ തകര്‍ന്നുവീഴാറായ ചെറിയവീട്ടില്‍ തനിയെ താമസിക്കുന്ന അമ്മിണി പീറ്ററുടെ കാതുകളും കണ്ണുകളും പണിമുടക്കു ആരംഭിച്ചുവെങ്കിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ദലിത് മോചനത്തിനായി ഇപ്പോഴും അവരുടെ നാവുകള്‍ ചലിക്കും. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാനറിയാവുന്ന ഈ പഴയകാല ബി.എക്കാരിയുടെ മനസില്‍ ഊണിലും ഉറക്കത്തിലും ദലിത് മോചനമാണ് നിറഞ്ഞുനില്‍ക്കുന്നത്. ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ ദലിതരാണെന്ന് ആണയിട്ടു രംഗത്തുവന്ന പല രാഷ്ട്രീയക്കാരും ശുദ്ധതട്ടിപ്പുകാരാണെന്നു പറയാന്‍ അവര്‍ക്ക് ഒരു മടിയുമില്ല.
തൊഴിലാളിയും
ഇന്ദിരാ ഗാന്ധിയും
ജീവിതം മുന്നോട്ടു നയിക്കാന്‍ സ്വയം തൊഴിലിനായി വായ്പയെടുത്ത് ഒരു സംരംഭം തുടങ്ങിയെങ്കിലും അവയെല്ലാം നിര്‍ത്തേണ്ടിവന്നത് ജാതി മാടാമ്പിമാരുടെ ഇടപെടല്‍ മൂലമാണെന്ന് അവര്‍ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു. 11 ജോലിക്കാരുമായിട്ടാണ് അമ്മിണി പീറ്റര്‍ സ്റ്റീല്‍ ഫര്‍ണീച്ചര്‍ കമ്പനി തുടങ്ങിയത്. അതിനായി 15 ലക്ഷം സ്വയംതൊഴില്‍ വായ്പയെടുത്തു. പ്രവര്‍ത്തനങ്ങള്‍ കുഴപ്പമില്ലാതെ ലാഭകരമായി മുന്നോട്ടുപോകുമ്പോള്‍ ഒരു ദലിത് ക്രിസ്ത്യാനി വിജയകരമായി ബിസിനസ് നടത്തുന്നതു ചില സവര്‍ണ മനസുള്ള ക്രിസ്ത്യാനികള്‍ക്കു ഇഷ്ടപ്പെട്ടില്ല. കമ്പനിയെ തകര്‍ക്കാന്‍ അവര്‍ പലതരത്തിലും പ്രവര്‍ത്തിച്ചു. കമ്പനിയിലേക്കെത്തുന്ന ഉപഭോക്താക്കളോട് ഇല്ലാകഥകള്‍ പറഞ്ഞു പിന്തിരിപ്പിക്കാനായിരുന്നു ആദ്യശ്രമം. ഒപ്പം ദുഷ്പ്രചരണങ്ങളും. പിന്നീട് ഇല്ലാത്തകാരണങ്ങള്‍ കാണിച്ചു കേസുകളും. അത്തരത്തില്‍ അവര്‍ക്കു സ്വാധീനമുള്ള കാലമായിരുന്നതിനാല്‍ എതിര്‍ത്തു മുന്നേറുക മാത്രമായിരുന്നു ഏക പോംവഴി. 21 കേസുകളാണ് തനിക്കെതിരെ ഉണ്ടായതെന്ന് അമ്മിണി പീറ്റര്‍ പറയുന്നു. മാനസികമായി തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു അന്നത്തെ രാവുകള്‍. പ്രശ്‌നം രൂക്ഷമായതോടെ കമ്പനി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ഒടുവില്‍ തൊഴിലാളികളെ പിടിച്ചുനിര്‍ത്താനാവാതെ വന്നു. ഒപ്പം ബാങ്കിലെ കടബാധ്യതകളും ഏറി. അങ്ങനെ കടംകയറി കമ്പനിയും നിര്‍ത്തി, വീടും ഒഴിയേണ്ടി വന്നു. ജീവിതം വഴിമുട്ടിയ സന്ദര്‍ഭത്തില്‍ പിന്നീട് ഒരു തൊഴിലാളി ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവന്നു. ഒരു മുസ്‌ലിമായിരുന്നു ആ യുവാവ്. അയാള്‍ നല്ലവണ്ണം ആത്മാര്‍ഥമായി സഹായിച്ചു. ഒരിക്കലും അയാളെ മറക്കാനാവില്ല. അയാള്‍ കുടുംബത്തിലുള്ള മുഴുവന്‍ അംഗങ്ങളേയും വെല്‍ഡിങ്ങും കസാര നെയ്ത്തും മറ്റും പഠിപ്പിച്ചു. കുറെക്കാലം അത്തരത്തില്‍ എല്ലാവരും കഷ്ടപ്പെട്ടു കഴിഞ്ഞുകൂടേണ്ടി വന്നു. കമ്പനി നിര്‍ത്തിയെങ്കിലും ബാങ്കിലെ കടം വന്‍തോതില്‍ വര്‍ധിച്ചതോടെ മുന്നില്‍ ശൂന്യത മാത്രമായി. ഒടുവില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരില്‍ക്കണ്ട് സംസാരിക്കാമെന്ന തീരുമാനമെടുത്തു. അങ്ങനെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഡല്‍ഹിക്കുപോയി പ്രധാനമന്ത്രിയെ നേരില്‍ക്കണ്ടു ബുദ്ധിമുട്ടുകള്‍ ബോധിപ്പിച്ചതോടെ പ്രശ്‌നത്തിനു പരിഹാരമായി. ബാധ്യതകള്‍ എഴതിത്തള്ളാന്‍ ബാങ്കുകള്‍ തയ്യാറായി. ജീവിതത്തിലെ വലിയ പ്രതിസന്ധികളില്‍ ഒന്നായിരുന്നു അത്.
ദലിത് സാഹിത്യ
അക്കാദമിയുടെ പിറവി
ഉറച്ച കോണ്‍ഗ്രസുകാരിയായ എന്നെ അവര്‍ പാര്‍ട്ടിക്കു വേണ്ടി ശരിക്കും ഉപയോഗിച്ചു. ഒടുവില്‍ ഗ്രാമപഞ്ചായത്തില്‍ മത്സരിക്കാന്‍ സീറ്റും നല്‍കി. അക്കാലത്തു ഞാന്‍ താമസിക്കുന്ന കോട്ടയം കണ്ണഞ്ചിറ പ്രദേശം കോണ്‍ഗ്രസുകാരുടെ കോട്ടയായിരുന്നു. എന്നാല്‍ ദലിത് ക്രിസ്ത്യാനിയായ എന്നെ മത്സരിപ്പിക്കുന്നതില്‍ ചിലരുടെ ഉള്ളില്‍ മുറുമുറുപ്പു രൂപപ്പെട്ടതു എനിക്കു മനസിലായി. ഒടുവില്‍ ഞാന്‍ തന്നെ മത്സരിക്കണമെന്നുപറഞ്ഞവര്‍ തന്നെ എനിക്കെതിരെ സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കൊടുത്തു, എന്നുമാത്രമല്ല, വോട്ടു വിഭജിക്കാനായി മൂന്നാമത്തെ ഒരാളെക്കൂടി അവര്‍ രഹസ്യമായി മത്സരിപ്പിച്ചു. ഒടുവില്‍ ഫലം വന്നപ്പോള്‍ ഞാന്‍ മൂന്നാം സ്ഥാനത്ത്. ഈ അനുഭവങ്ങളെല്ലാം ദലിത് മുന്നേറ്റത്തിന് എന്നെ രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതമാക്കി. അങ്ങനെയാണ് കല്ലറ സുകുമാരനോടൊപ്പം ദലിത് വിമോചന സമരരംഗത്തിറങ്ങിയത്. ദലിതരെ സംഘടിപ്പിക്കാന്‍ കേരളത്തിലങ്ങോളമിങ്ങോളം ഒരുപാട് ഓടിനടന്നു. 1980 ആയപ്പോഴേക്കും കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ- ദലിത് വിമോചനപ്രസ്ഥാനം വളര്‍ത്തിയെടുക്കാനായി. 89ല്‍ ഡല്‍ഹിയില്‍നിന്ന് ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കര്‍ ഫെലോഷിപ്പിനു തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഫെലോ താനായിരുന്നുവെന്നും അമ്മിണി പീറ്റര്‍ പറയുന്നു. തുടര്‍ന്നാണ് കേരളത്തില്‍ ദലിത് സാഹിത്യ അക്കാദമിക്കു രൂപം നല്‍കുന്നത്. 90 മുതല്‍ അക്കാദമിയുടെ സതേണ്‍ ഓര്‍ഗനൈസിങ് കോര്‍ഡിനേറ്ററും അക്കാദമിയുടെ ഡല്‍ഹി യൂനിറ്റ് ജനറല്‍ സെക്രട്ടറിയുമായി. അമ്മിണി പീറ്ററിന്റെ ശ്രമഫലമായി കേരള ഹരിജന്‍ ഫെഡറേഷന്റെയും ദലിത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെയും നേതൃത്തില്‍ നടത്തിയ സമരത്തിന്റെ ഫലമായി എസ്.സി, ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു സീനിയോരിറ്റി ലിസ്റ്റ് അനുസരിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി സ്ഥിരപ്പെട്ടു. എന്നാല്‍ ഈ ആനുകൂല്യം ആരോഗ്യവകുപ്പിലും മറ്റും പ്രായം കവിഞ്ഞവര്‍ക്കു ലഭ്യമായില്ല. ഇതേത്തുടര്‍ന്ന് അമ്മിണിപീറ്ററിന്റെ നേതൃത്വത്തില്‍ വീണ്ടും സമരം തുടങ്ങുകയും ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് ഓണറേറിയവും 100 മുതല്‍ 50രൂപവരെ പെന്‍ഷനും അനുവദിച്ചു.
98ല്‍ കേരളത്തിലെ അന്ധന്മാര്‍ക്കു വേണ്ടിയും ഇവര്‍ ഒരു സംഘടനക്കുരൂപം നല്‍കിയിരുന്നു. അന്ധര്‍ക്കു റെയില്‍വേ യാത്രാ നിരക്കില്‍ ഇളവ് അനുവദിച്ചതും ഈ സംഘടനയുടെ ഫലമായിരുന്നു. കിളിമാനൂരില്‍ ദലിത് വിഭാഗത്തിനു ശ്മശാനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി രണ്ടരയേക്കര്‍ സ്ഥലം അനുവദിച്ചതും ഇവരുടെ ശ്രമഫലമായിരുന്നു. അത് അനുവദിച്ചുകൊണ്ടുള്ള രേഖ രാഷ്ട്രപതി കെ.ആര്‍ നാരായണനാണ് സഭയുടെ പ്രസിഡന്റ് ഇലമാട് ചെല്ലപ്പനു കൈമാറിയത്. ഇടുക്കി ജില്ലയിലെ ചപ്പാത്തിലെ 90 വയസുള്ള സ്ത്രീയുടെ സ്ഥലം കയ്യേറിയവരില്‍ നിന്ന് അതു തിരികെ വാങ്ങിക്കൊടുക്കാനുള്ള സമരത്തിലും അമ്മിണിപീറ്റര്‍ മുന്‍പന്തിയിലായിരുന്നു. പുറമ്പോക്കില്‍ താമസിച്ചിരുന്ന ദലിതരുടെ കുടിലുകള്‍ പൊളിക്കുന്നതിനെതിരെ കോടതിയില്‍ പോയി വിജയിക്കാനുമായി. കൂടാതെ ദലിത് സ്ത്രീകള്‍ക്കുനേരെ നടന്ന ഒട്ടേറെ കേസുകളില്‍ മുന്നിട്ടിറങ്ങി വിജയിപ്പിക്കാനും അവര്‍ക്കായി. ദലിത് പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള യാത്രയില്‍ കാന്‍ഷിറാം, മായാവതി തുടങ്ങിയ ഒട്ടേറെ നേതാക്കളുമായും പരിചയപ്പെടാന്‍ ഇടയായി. അക്കൂട്ടത്തില്‍ ഫൂലന്‍ദേവിയും ഉള്‍പ്പെടും. ദലിത് സാഹിത്യ അക്കാദമിയുടെ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ദലിത് സാഹിത്യകാരന്‍മാര്‍ക്കു കണ്‍സെഷനോടെ ട്രെയിനില്‍ യാത്രചെയ്യാനും ഇവരുടെ ഇടപെടലോടെ കഴിഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഉന്നതജാതിക്കാര്‍ നടത്തുന്ന മാധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം നല്‍കിയില്ലെന്നു മാത്രമല്ല, അവര്‍ അതെല്ലാം അവഗണിക്കുകയും ചെയ്തതായും അമ്മിണി പീറ്റര്‍ പറയുന്നു. ദലിത് അക്കാദമിയുടെ നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളില്‍ തെരഞ്ഞെടുത്ത ഏക വനിതയും അവരായിരുന്നു. സ്വന്തം വരുമാനത്തില്‍ നിന്നുള്ള പണം ഉപയോഗിച്ച് 'ദലിത് ദര്‍ശനം' എന്ന പത്രവും ഇവര്‍ നടത്തിയിരുന്നു.
ദലിത്- ന്യൂനപക്ഷ ഐക്യം
ദലിത്- ന്യൂനപക്ഷ ഐക്യത്തിലൂടെ മാത്രമേ ദലിതര്‍ക്കു മോചനം ഉണ്ടാകൂ എന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും ഇതിനായി ആരു മുന്‍കൈയ്യെടുക്കുമെന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു. ആ പ്രതീക്ഷയിലൂടെയാണ് ബി.എസ്.പിയില്‍ ചേരാന്‍ ക്ഷണം ലഭിച്ചതിനെത്തുടര്‍ന്ന് അതില്‍ ചേര്‍ന്നത്. എന്നാല്‍ പട്ടികജാതി ദലിതര്‍ക്കുമാത്രമേ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗമാകാനാവൂ എന്ന നിബന്ധന ഉള്ളതുകാരണം അതില്‍ തുടര്‍ന്നു പോകാനായില്ല. ബുദ്ധമതത്തില്‍പ്പെട്ട ദലിതരെ മാത്രമേ അവര്‍ അംഗീകരിച്ചിരുന്നുള്ളൂ. മറ്റു ദലിതുകളെ അവര്‍ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ ദലിത്- ന്യൂനപക്ഷ ഐക്യം എന്ന സ്വപ്‌നം അവരുടെ മനസില്‍ ഇപ്പോഴും അവശേഷിക്കുകയാണ്.
ഭ്രൂണഹത്യക്കെതിരെ വിജയകരമായ വലിയ നീക്കമാണ് അമ്മിണി പീറ്റര്‍ നടത്തിയത്. ഭ്രൂണഹത്യ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവര്‍ക്കു നിവേദനം നല്‍കിയത് അവര്‍ തനിച്ചായിരുന്നു. അതിന്റെ ഫലമായി അബോര്‍ഷന്‍ സ്‌റ്റോപ്പ് ഓര്‍ഡര്‍ ലഭിക്കുകയും തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റേഡിയത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഈ ഉത്തരവ് വായിക്കുകയും ചെയ്തു. 2013ല്‍ ഈ ഉത്തരവ് ഇറക്കിക്കാന്‍ മുന്നിട്ടിറങ്ങിയ അമ്മിണി പീറ്ററെ സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു.
അവാര്‍ഡും അംഗീകാരവും
ആക്ടിവിസ്റ്റ് എന്നതിനേക്കാള്‍ ഒരു കവിയും എഴുത്തുകാരിയുമാണ് അമ്മിണി പീറ്റര്‍. അവര്‍ എഴുതിയ ആയിരത്തിലേറെ കവിതകളില്‍ ദലിതരുടേയും ആദിവാസികളുടേയും മോഹനസ്വപ്‌നങ്ങള്‍ തെളിഞ്ഞുകാണാം. 'സ്ത്രീ പീഡനത്തിന്റെ വിലാപക്കണ്ണീര്‍' എന്ന ഒരു കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. പ്രസിദ്ധീകരിക്കാമെന്നേറ്റു കയ്യെഴുത്തുപ്രതി വാങ്ങിക്കൊണ്ടുപോയവര്‍ സ്വന്തംപേരില്‍ അവ പ്രസിദ്ധീകരിച്ചതും ആ പുസ്തകം അവരില്‍ നിന്നു വിലകൊടുത്തു വാങ്ങേണ്ടിവന്നതും അവര്‍ ഓര്‍ക്കുന്നു. ഭാരതീയ ദലിത് അക്കാദമിയുടെ ദേശീയ അവാര്‍ഡ്, അംബേദ്കര്‍ ഫെലോഷിപ്പ്, മഹാരാഷ്ട്ര സാഹിത്യ അവാര്‍ഡ്, യു.പി, ഡല്‍ഹി, മദ്രാസ് എന്നിവിടങ്ങളില്‍ നിന്നുള്ള സാഹിതീ പുരസ്‌കാരങ്ങള്‍, ഡോ. അംബേദ്കര്‍ അവാര്‍ഡ്, അയ്യങ്കാളി അവാര്‍ഡ്, സംസ്ഥാന ജനനാവകാശ സംരക്ഷണസമിതി അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകളും അവരെ തേടിയെത്തി. അമ്മിച്ചി എന്ന ഓമനപ്പേരില്‍ എല്ലാവരും വിളിക്കുന്ന അമ്മിണിപീറ്റര്‍ വാകത്താനം കണ്ണഞ്ചിറയില്‍ ഒറ്റക്കാണ് താമസം. ജസിപീറ്റര്‍ (മൂത്തമകള്‍), സജിപീറ്റര്‍ (ഫോട്ടോഗ്രാഫര്‍), രംഗിമോള്‍ പീറ്റര്‍ എന്നിവരാണ് മക്കള്‍. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."