അല്‍ റയ്യാന്‍ സ്റ്റേഡിയം ഉദ്ഘാടനം അമീര്‍ കപ്പ് ഫൈനലോടെ: 20,000 കാണികളെ അനുവദിക്കും
ദോഹ: 2022ല്‍ ഫിഫ ലോകകപ്പിനായി ഖത്തര്‍ നിര്‍മിച്ച അല്‍ റയ്യാന്‍ സ്റ്റേഡിയം ദേശീയ ദിനമായ ഡിസംബര്‍ 18ന് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ 20,000 കാണികളെ സ്റ്റേഡിയത്തില്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ അറബി ക്ലബ്ബും അല്‍ സദ്ദ് ക്ലബ്ബും തമ്മിലുള്ള വാശിയേറിയ അമീര്‍ കപ്പ് 2020 ഫൈനല്‍ മല്‍സരങ്ങളോടെയായിരിക്കും പുതിയ അല്‍ റയ്യാന്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുക. സ്റ്റേഡിയത്തിന്റെ 50 ശതമാനം കപ്പാസിറ്റിയിലാണ് കളി നടക്കുക. ഇതില്‍ പകുതി സീറ്റും കൊവിഡ് മുക്തരായവര്‍ക്കാണ് നീക്കിവച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കൊവിഡ് പശ്ചാത്തലത്തില്‍ ടിക്കറ്റ് വില്‍പനയയും നിയന്ത്രണങ്ങളോടെയാണ്. ഒരാള്‍ക്ക് ഒരു ടിക്കറ്റ് എന്ന അടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യാന്‍ പറ്റാത്ത ടിക്കറ്റുകളാണ് നല്‍കുക. ടിക്കറ്റ് വാങ്ങുന്ന വ്യക്തിയുടെ ഖത്തര്‍ ഐ.ഡി.യുമായി ബന്ധിപ്പിക്കും.
കളികാണാന്‍ വരുന്നവര്‍ക്ക് ദോഹ മെട്രോ ഉപയോഗിച്ച് സ്റ്റേഡിയത്തിലെത്താന്‍ കഴിയും. ഗ്രീന്‍ ലൈനിലെ അല്‍ റിഫ സ്റ്റേഷനില്‍നിന്നും നടക്കാവുന്ന ദൂരത്തിലാണ് സ്റ്റേഡിയം. വൈകുന്നേരം 7 മണിക്കാണ് കളി. 4 മുതല്‍ 6 വരെ ഫാന്‍ സോണ്‍ തുറക്കും. കളി കഴിഞ്ഞ ശേഷം 9 മണിക്കും തുറക്കും. അമീര്‍ കപ്പ് ഫൈനലില്‍ കളിക്കുന്ന അല്‍ സദ്ദ്, അല്‍ അറബി ക്ലബ്ബുകളുടെ ആരാധകര്‍ക്കായിരിക്കും ടിക്കറ്റില്‍ മുന്‍ഗണനയെന്നും സംഘാടകര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ സാംസ്‌കാരിക വശങ്ങള്‍ സംയോജിപ്പിച്ച് കൊണ്ടാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മിതി. കുടുംബത്തിന്റെ പ്രാധാന്യം, മരുഭൂമിയുടെ ഭംഗി, ഇവിടെ വളരുന്ന സസ്യജന്തുജാലങ്ങള്‍, പ്രാദേശിക, അന്തര്‍ദേശീയ വ്യാപാരമടക്കം ഇവിടെ പ്രതിഫലിക്കുന്നുണ്ട്.
2022 ഫിഫ ലോകകപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്. ലോകകപ്പിനുള്ള നാലാമത്തെ സ്റ്റേഡിയമാണിത്. 40,000 പേര്‍ക്ക് കളിവീക്ഷിക്കുവാനുള്ള ശേഷിയുള്ള സ്റ്റേഡിയത്തില്‍ ഖത്തര്‍ 2022 ല്‍ 16 സ്റ്റേജ് വരെ മത്സരങ്ങള്‍ നടക്കും. ലോകകപ്പിനുള്ള ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം, എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവനേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."