മോട്ടോറുകള്‍ പ്രവര്‍ത്തിക്കുന്നില്ല; നെല്‍കൃഷി കരിഞ്ഞുണങ്ങുന്നു
തൃപ്രങ്ങോട്: ചമ്രവട്ടം പെരുന്തല്ലൂരിലെ പമ്പ്ഹൗസ് പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ ഏക്കറുകളോളം നെല്‍കൃഷി കരിഞ്ഞുണങ്ങുന്നു.
അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കര്‍ഷകര്‍ തിരൂരില്‍ ഇറിഗേഷന്‍ ഓഫിസ് ഉപരോധിച്ചു. വന്‍ തുക ചെലവഴിച്ച് പമ്പ്ഹൗസില്‍ സ്ഥാപിച്ച നാല് പുതിയ മോട്ടോറുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
ഭാരതപ്പുഴയോരത്ത് പെരുന്തല്ലൂരില്‍ സ്ഥാപിച്ച വലിയ പമ്പ്ഹൗസില്‍നിന്നാണ് തൃപ്രങ്ങോട്, പുറത്തൂര്‍, മംഗലം പഞ്ചായത്തുകളിലെ 1500 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ വെളളപ്പൊക്കത്തില്‍ മോട്ടോറുകള്‍ തകരാറിലായതോടെ പമ്പ് പ്രവര്‍ത്തനം നിലച്ചു.
പ്രതിഷേധത്തിനൊടുവില്‍ രണ്ട് മോട്ടോറുകള്‍ പ്രവര്‍ത്തിച്ചെങ്കിലും കൃഷിയിടങ്ങളിലേക്ക് ആവശ്യത്തിന് വെളളം ലഭിച്ചില്ല. അതിനിടെ ചമ്രവട്ടം പെരുന്തല്ലൂരില്‍ ചെകുത്താന്‍കുണ്ട് പമ്പ്ഹൗസിലെ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. തകര്‍ന്ന കനാലുകള്‍ നന്നാക്കും.
പെരുന്തല്ലൂര്‍ പമ്പ്ഹൗസിനു മാത്രമായി ഒരു ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കും. ആഴ്ചയില്‍ രണ്ട് ദിവസം പമ്പ്ഹൗസ് കനാലും പരിശോധിക്കുമെന്നും ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."