പോരാളികളുടെ നാട്ടില്‍ 'പൂഴിക്കടകന്‍'
കണ്ണൂര്‍: കോലത്തിരി രാജവംശത്തിന്റെയും കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ സ്വരൂപത്തിന്റെയും കോട്ടയം രാജവംശത്തിന്റെയും വീരപോരാളികളുടെ പിന്‍മുറക്കാരുടെ നാടായ കണ്ണൂരില്‍ തദ്ദേശ അങ്കം കഴിയുമ്പോള്‍ ഇക്കുറിയും പതിവ് ഇടത് ആധിപത്യമോ?, അതോ വലത് അട്ടിമറിയോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇടതുമുന്നണി ഉയര്‍ത്തിയ വികസന മുദ്രാവാക്യത്തെ വിഴുങ്ങാന്‍ പാകത്തിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ത്തിയാണു വലതുമുന്നണി ഇടതുകോട്ട കടക്കാന്‍ അങ്കക്കളരിയിലുള്ളത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയും മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാരുടെ തട്ടകവുമായ കണ്ണൂരില്‍ ഇടതിനെ മലര്‍ത്തിയടിക്കാന്‍ വലതുമുന്നണിയും കോട്ട കാക്കാന്‍ ഇടതുമുന്നണിയും നടത്തുന്ന പോരില്‍ പൂഴിക്കടകന്‍ വരെ പയറ്റുന്നുണ്ട്.
സാമ്രാജ്യത്ത ജന്മിത്ത വിരുദ്ധ പോരാട്ടങ്ങളുടെ വിളനിലമാണ് കണ്ണൂര്‍. ഇത്തരത്തിലുള്ള ഒട്ടനവധി വീരപോരാട്ടം നടന്ന കണ്ണൂരിലെ തദ്ദേശങ്കത്തിനു വീറുകൂട്ടുന്നതു കണ്ണൂര്‍ കോര്‍പറേഷന്‍ പിടിക്കാനുള്ള ഇരുമുന്നണികളുടെയും പോരാട്ടമാണ്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ തന്നെ മത്സര കളത്തിലിറക്കിയാണ് കോണ്‍ഗ്രസ് ഒരു വര്‍ഷം മുന്‍പ് മാത്രം കൈയില്‍ കിട്ടിയ കോര്‍പറേഷന്‍ നിലനിര്‍ത്താന്‍ യു.ഡി.എഫ് പടയോട്ടത്തെ നയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ കൈയില്‍ വന്ന ഭരണം നാലു വര്‍ഷം കളഞ്ഞ വിമതശല്യം ഇക്കുറിയും യു.ഡി.എഫിനുണ്ടാക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. യു.ഡി.എഫിനു മേല്‍ക്കൈയുള്ള കോര്‍പറേഷന്‍ ഭരണം പിടിച്ചാല്‍ അതുതന്നെ വലിയ നേട്ടമെന്നു കരുതിയാണ് എല്‍.ഡി.എഫ് രംഗത്തുള്ളത്.
എല്‍.ജെ.ഡിയും കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗവും എത്തിയതിനാല്‍ ജില്ലാപഞ്ചായത്തിലും ചില പഞ്ചായത്തുകളിലും കുടുതല്‍ നേട്ടമാക്കാനാവുമെന്ന ഉറച്ച ചിന്തയിലാണ് ഇടതു ക്യാംപ്. എന്നാല്‍ സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും ബിനീഷ് കോടിയേരി ഉള്‍പ്പെട്ട മയക്കുമരുന്ന് കേസും തുടങ്ങിയ ആരോപണങ്ങളും സ്വന്തം തട്ടകത്തില്‍ കോടിയേരിയെന്ന പടനായകനില്ലാത്ത അവസ്ഥയും ഇടതിനെ ദുര്‍ബലപ്പെടുത്തിയെന്നും ഈ വിഷയങ്ങളെല്ലാം വോട്ടാകുമെന്ന പ്രതീക്ഷയാണു വലതുക്യാംപില്‍. ചരിത്രത്തിലാദ്യമായി ജില്ലാപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാണ് യു.ഡി.എഫ് അങ്കത്തിനിറങ്ങിയത്. തങ്ങളേക്കാള്‍ അഞ്ചുസീറ്റ് മാത്രം വ്യത്യാസത്തില്‍ ഭരണം നടത്തുന്ന ജില്ലാപഞ്ചായത്തില്‍ ഇക്കുറി ഭരണം പിടിക്കുമെന്നാണ് യു.ഡി.എഫ് അവകാശവാദം. വളപട്ടണം പഞ്ചായത്തില്‍ മുന്നണിയില്ലാതെ കോണ്‍ഗ്രസും മുസ്‌ലിംലീഗും വെവ്വേറെ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
ഇടതു, വലതു മുന്നണികള്‍ക്കു നടുവില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും മത്സരരംഗത്തുണ്ട്. നിലനിര്‍ത്താനും പിടിച്ചെടുക്കാനും ഇടതുവലതു മുന്നണികള്‍ നടത്തുന്ന ശ്രമം തന്നെയാണ് കണ്ണൂരിലെ രാഷ്ട്രീയ പോരാട്ടത്തെ വ്യത്യസ്തമാക്കുന്നത്. നേരിയ നോട്ടപിശകുപോലും ഉണ്ടാവാതിരിക്കാന്‍ തികഞ്ഞ ജാഗ്രതയോടെയാണ് മൂന്നുമുന്നണികളും കളത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."