ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാളെ വിരമിക്കും
ന്യൂഡല്‍ഹി: പലതുകൊണ്ടും ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇടംപിടിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാളെ വിരമിക്കും. ജസ്റ്റിസ് ജെ.എസ് ഖെഹാറിനു പകരക്കാരനായി കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 28ന് സുപ്രിംകോടതിയുടെ 45ാമത്തെ ചീഫ്ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒഡീഷക്കാരനായ ദീപക് മിശ്ര, ഇന്ത്യന്‍ ജുഡീഷ്യറിയുടെ പുസ്തകത്തില്‍ കുറേ 'ചരിത്രത്തില്‍ ആദ്യങ്ങള്‍' സൃഷ്ടിച്ചാണ് നാളെ പടിയിറങ്ങുന്നത്.
ഗാന്ധി ജയന്തി പ്രമാണിച്ച് നാളെ അവധിയായതിനാല്‍ ഇന്നാണ് ദീപക് മിശ്രയുടെ അവസാന പ്രവര്‍ത്തിദിനം. പകരക്കാരനായ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ബുധനാഴ്ച 46ാമത്തെ ചീഫ്ജസ്റ്റിസായി ചുമതലയേല്‍ക്കും.
ചീഫ്ജസ്റ്റിസായിരിക്കെ സീനിയോരിറ്റിയില്‍ അദ്ദേഹത്തിനു തൊട്ടുതാഴെ നില്‍ക്കുന്നവരും ജഡ്ജിമാരുടെ നിയമനാധികാരമുള്ള കൊളീജിയത്തിലെ അംഗങ്ങളുമായ നാലുമുതിര്‍ന്ന ജഡ്ജിമാര്‍ ഈ വര്‍ഷം ജനുവരി 12ന് പരസ്യമായി ദീപക് മിശ്രയ്‌ക്കെതിരേ വാര്‍ത്താസമ്മേളനം നടത്തിയതാണ് 'ചരിത്രത്തില്‍ ആദ്യ'ങ്ങളില്‍ ഒന്ന്. ഭരണകൂടം ഏതെങ്കിലും നിലക്ക് പ്രതിസ്ഥാനത്തുള്ള കേസുകള്‍ നിക്ഷിപ്ത താല്‍പ്പര്യത്തോടെ, തന്നിഷ്ടം വീതിച്ചുനല്‍കുന്നുവെന്നായിരുന്നു ആരോപണം.
സുപ്രിംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടത്തുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടുവെന്ന കടുത്ത ആരോപണവും അന്ന് സീനിയോരിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മാധ്യമങ്ങള്‍ക്കു മുമ്പാകെ ആരോപിച്ചു.
സൊഹ്‌റബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായോട് ഹാജരാവാന്‍ ആവശ്യപ്പെട്ട സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയ ദുരൂഹസാഹര്യത്തില്‍ മരിച്ച കേസ് കൈകാര്യംചെയ്ത ദീപക് മിശ്രയുടെ നടപടിയാണ് ജഡ്ജിമാര്‍ക്കിടയില്‍ പൊട്ടിത്തെറിക്കു കാരണമായത്.
കോടതികള്‍ നിര്‍ത്തിവച്ച് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിക്കുക, അതും ചീഫ്ജസ്റ്റിസിനെതിരേ എന്ന അസാധാരണ സംഭവത്തിനാണ് അന്ന് രാജ്യം സാക്ഷ്യംവഹിച്ചത്.പൊതുതാല്‍പ്പര്യ ഹരജികളെല്ലാം ചീഫ്ജസ്റ്റിസിന്റെ ബെഞ്ചുകള്‍ പരിഗണിക്കുമെന്ന് അറിയിച്ച് സുപ്രിംകോടതി ജഡ്ജിമാരുടെ ജോലി വിവരം പരസ്യപ്പെടുത്തിയത് മറ്റൊരു അസാധാരണ നടപടിയായി. ഇതിനിടെ അദ്ദേഹത്തെ ഇംപീച്ച്‌മെന്റിനു വിധേമാക്കാന്‍ പ്രതിപക്ഷം നീക്കം തുടങ്ങി.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സുപ്രിംകോടതി ചീഫ്ജസ്റ്റിസിനെതിരേ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയത്. ഇംപീച്ച്‌മെന്റ് നടപടിക്ക് ആവശ്യമായ 50 എം.പിമാരുടെ ഒപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നടപടി തള്ളി.ദീപക് മിശ്രയുടെ പേരും ഉയര്‍ന്നുകേട്ട, ഹൈക്കോടതി സിറ്റിങ് ജഡ്ജിയടക്കം അറസ്റ്റിലായ ലഖ്‌നൗ മെഡിക്കല്‍ കോളജ് അഴിമതി കേസില്‍ ഉന്നതതല അന്വേഷണം വേണമെന്ന ഹരജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വിശാലബെഞ്ചിന് അയച്ചു. ഉടന്‍ തന്നെ അടിയന്തര സിറ്റിങ് നടത്തി ചെലമേശ്വര്‍ അധ്യക്ഷനായ രണ്ടംഗബെഞ്ചിന്റെ നടപടി റദ്ദാക്കി കേസ് ദീപക് മിശ്ര ജൂനിയര്‍ ജഡ്ജിയുടെ ബെഞ്ചിനു വിട്ടു. വന്‍പിഴ ചുമത്തി ആ ബെഞ്ച് ഹരജി തള്ളി.
ഇതിനു പിന്നാലെ ചീഫ് ജസ്റ്റിസിന്റെ അധികാരപരിധി സംബന്ധിച്ച മുന്‍കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷന്റെ ഹരജി, ''24മണിക്കൂറിനുള്ളില്‍ തന്റെ ഒരുവിധി മറ്റൊരുബെഞ്ചിനാല്‍ തള്ളാന്‍ ആഗ്രഹിക്കുന്നില്ല'' എന്നു വ്യക്തമാക്കി ജസ്റ്റിസ് ചെലമേശ്വര്‍ നിരീക്ഷിച്ചത് വലിയ വാര്‍ത്തയായി.
കോടതിക്കു മുമ്പില്‍ മെരുങ്ങാന്‍ വിസമ്മതിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനെ വിളിച്ചുവരുത്തി ആറുമാസം ശിക്ഷിച്ച് ജയിലിലിട്ടതും ദീപക് മിശ്ര അധ്യക്ഷനായ വിശാലബെഞ്ചാണ്. നമ്പി നാരായണന് നീതി ഉറപ്പാക്കി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടതിനൊപ്പം മീശ നോവല്‍, പത്മാവത് സിനിമ, അഡാര്‍ ലൗവിലെ ഗാനം എന്നിവയ്‌ക്കെതിരായ ഹരജികള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം ഉയര്‍ത്തിപിടിച്ച് തള്ളിയതും ഏറെ സ്വാഗതംചെയ്യപ്പെട്ട വിധികളാണ്.
ആധാര്‍ കാര്‍ഡിന് നിയന്ത്രണങ്ങളോടെ അംഗീകാരം നല്‍കി, സ്വവര്‍ഗ ലൈംഗികതയും വിവാഹേതരബന്ധവും ക്രിമനല്‍ കുറ്റമാക്കുന്ന ഐ.പി.സിയിലെ നിയമങ്ങള്‍ റദ്ദാക്കി, ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചു, പ്രായപൂര്‍ത്തിയായവര്‍ക്ക് പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നു വ്യക്തമാക്കി ഡോ. ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം വിട്ടു തുടങ്ങിയ ദീപക് മിശ്ര നേതൃത്വം കൊടുത്ത ബെഞ്ചിന്റെ വിധികള്‍ നിയമ വിദ്യാര്‍ഥികള്‍ക്കും തുടര്‍ന്നുള്ള നിയമപോരാട്ടങ്ങള്‍ക്കും ഉദ്ധരിക്കാനുള്ള ഉത്തരവുകളുമായി.
മുംബൈ ബോംബ് സ്‌ഫോടനക്കേസുകളില്‍ പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരേ സമര്‍പ്പിച്ച ഹരജി, അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ വാദം കേട്ട് ചീഫ് ജസ്റ്റിസാവും മുമ്പും ദീപക് മിശ്ര ചരിത്രത്തില്‍ ഇടംപിടിച്ചു.
ചീഫ്ജസ്റ്റിസായിരിക്കെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്സിന്റെ ഹരജി ഫയലില്‍ സ്വീകരിച്ച് വാദംകേള്‍ക്കാനായി അര്‍ധരാത്രി മൂന്നുജഡ്ജിമാരെ നിയമിച്ചത് ദീപക് മിശ്രയുടെ മറ്റൊരു അസാധാരണ നടപടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."