കോടതികളില്‍ വാര്‍ത്താശേഖരണത്തിന് സൗകര്യമൊരുക്കണം: ഗവര്‍ണര്‍
തിരുവനന്തപുരം: കോടതികളില്‍ വാര്‍ത്താശേഖരണത്തിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗകര്യമൊരുക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും 'ഇന്ത്യന്‍ മാധ്യമ ധാര്‍മികതയില്‍ പ്രസ് കൗണ്‍സിലിന്റെ പങ്ക് ' എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രിം കോടതിയില്‍ അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്ത ശേഖരിക്കാന്‍ പ്രത്യേക സൗകര്യമുണ്ട്. സമാന രീതിയില്‍ ഹൈക്കോടതിയിലും സംവിധാനമുണ്ടാക്കണം. സമൂഹത്തിന്റ കണ്ണാടി കൂടിയാണ് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍.
മാധ്യമ സ്വാതന്ത്ര്യ സംരക്ഷണം ജനാധിപത്യ സംരക്ഷണത്തിന്റെ ഭാഗമാണ്. നല്ല കാര്യങ്ങള്‍ നല്ലതെന്ന് പറയാന്‍ നമുക്കു സാധിക്കണം. ഓരോ വാര്‍ത്തയ്ക്കും സമൂഹത്തില്‍ വളരെ വേഗത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന തിരിച്ചറിവില്‍ മാധ്യമങ്ങള്‍ തന്നെ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
നവമാധ്യമങ്ങള്‍ ശക്തമായതോടെ ഓരോരുത്തരും ഓരോ മാധ്യമമായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നു.
ഈ സാഹചര്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. യഥാര്‍ഥ വാര്‍ത്തകള്‍ സമൂഹത്തിലെത്തിക്കുന്ന മധ്യമങ്ങളുടെ പ്രസക്തി അവിടെയാണ്. വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ നല്ല കാര്യങ്ങള്‍ കൂടി കാണാനും അതു ജനങ്ങളിലെത്തിക്കാനും ശ്രമിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ പ്രസാദ് പറഞ്ഞു. പ്രസ് കൗണ്‍സില്‍ അംഗം കെ. അമര്‍നാഥ് മുഖ്യപ്രഭാഷണം നടത്തി. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, കേരള ജേണലിസ്റ്റ് യൂണിയന്‍ ട്രഷറര്‍ ബഷീര്‍ മാടാല, സെക്രട്ടറി അമര്‍ ദേവലപ്പള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."