'മുഴുവന്‍ അമേരിക്കക്കാരുടേയും പ്രസിഡന്റാവും'-ജനതക്ക് ബൈഡന്റെ ഉറപ്പ്
വാഷിംഗ്ടണ്‍: ജാതി മത വര്‍ണ ഭേദമന്യേ മുഴുവന്‍ അമേരിക്കക്കാരുടേയും പ്രസിഡന്റാവുമെന്ന് ജോ ബൈഡന്‍. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി ഇലക്ട്രല്‍ കോളജ് തെരഞ്ഞെടുത്തതിന് പിന്നാലെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. പുതിയ വൈസ് പ്രസിഡന്റായി കമലാ ഹാരിസിനെയും തെരഞ്ഞെടുത്തു. നവംബര്‍ മൂന്നിന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. ട്രംപ് തോല്‍വി സമ്മതിക്കാതിരുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ വിസ്‌കോസിന്‍ തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലും ബൈഡന്‍ വിജയിച്ചതായി കഴിഞ്ഞ ദിവസം ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിക്കുകയായിരുന്നു.
കനത്ത വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.
'ഒരിക്കല്‍ കൂടി അമേരിക്കയില്‍ നിയമവാഴ്ചയും ഭരണഘടനയും ജനങ്ങളുടെ ആഗ്രഹവും വ്യക്തമായി. ഇവിടെ ജനാധിപത്യത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടാവുകയും അതിന് ഭീഷണി നേരിടേണ്ടി വരികയും ജനാധിപത്യം വലിയൊരളവില്‍ പരീക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ജനാധിപത്യം ശക്തവും സത്യവുമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു,' ബൈഡന്‍ പറഞ്ഞു.
306 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചത്. അതേസമയം, ഇതുവരെ തോല്‍വി സമ്മതിച്ചിട്ടില്ലാത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തിലേക്കാണ് ഇപ്പോള്‍ മാധ്യമലോകം ഉറ്റുനോക്കുന്നത്. ഇലക്ട്രല്‍ കോളേജ് ബൈഡന്റെ വിജയം പ്രഖ്യാപിച്ചതിന് ശേഷവും ട്രംപ് വാഷിംഗ്ടണിലെ വൈറ്റ് ഹൗസില്‍ തന്നെ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."