ഒളിംപിക്സ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഐ.ഒ.സി യോഗം ചേര്‍ന്നു
റിയോ ഡി ജനീറോ: ഒളിംപിക്സ് പടിവാതിക്കല്‍ എത്തി നില്‍ക്കെ റഷ്യന്‍ വിലക്കിനെയും റിയോയിലെ ഒളിംപിക് മുന്നൊരുക്കങ്ങളെയും വിലയിരുത്തുന്നതിനായി അന്താരാഷ്ട്ര ഒളിംപിക് സമിതി യോഗം ചേര്‍ന്നു. രണ്ടുദിവസത്തെ യോഗമാണ് അജന്‍ഡയിലുള്ളത്.
റഷ്യന്‍ താരങ്ങളെ ഒന്നടങ്കം വിലക്കേണ്ടതില്ലെന്ന ഐ.ഒ.സിയുടെ തീരുമാനം വ്യാപകമായി വിമര്‍ശിക്കപ്പെട്ടത് യോഗത്തില്‍ ചര്‍ച്ച ചെയ്യും.കഴിഞ്ഞ ദിവസം റഷ്യന്‍ കായിക മന്ത്രി വിറ്റലി മുറ്റ്കോ റഷ്യയുടെ 387 സംഘത്തിലെ 272 താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം മുഖവിലയ്ക്കെടുത്ത വിമര്‍ശനങ്ങള്‍ക്ക് ഐ.ഒ.സി മറുപടി നല്‍കിയേക്കും.
അതേസമയം റിയോയിലെ മുന്നൊരുക്കങ്ങളുടെ കാര്യത്തില്‍ ഒളിംപിക് സമിതിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. നേരത്തെ സമിതി അധ്യക്ഷന്‍ തോമസ് ബാഷ് റിയോയിലെ ഒളിംപിക് മുന്നൊരുക്കങ്ങളെ പ്രകീര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ആസ്ത്രേലിയന്‍ ടീം ഒളിംപിക് വില്ലേജില്‍ നിന്ന് ഇറങ്ങി പോയതും സമിതിയില്‍ ചര്‍ച്ച ചെയ്യും. ഈ യോഗത്തിന് പുറമേ മൂന്നു സെഷനുകളുള്ള യോഗം ചൊവ്വാഴ്ച്ച ചേരും. ഇതില്‍ 2020ലെ ടോക്യോ ഒളിംപിക്സില്‍ അധികമായി ഉള്‍പ്പെടുത്തേണ്ട മത്സരയിനങ്ങളുടെ വോട്ടെട്ടുപ്പാണ്.
വിവിധ രാജ്യങ്ങള്‍ മത്സരങ്ങളെ ഒളിംപിക്സിലേക്ക് നാമനിര്‍ദേശം ചെയ്യുന്നുണ്ട്. ബേസ്ബോള്‍-സോഫ്റ്റ് ബോള്‍, സര്‍ഫിങ്, കരാട്ടെ, സ്കേറ്റ് ബോര്‍ഡിങ്, സ്പോര്‍ട്ട് ക്ലൈമ്പിങ് എന്നിവയ്ക്ക് മുന്‍ഗണനയുണ്ട്. ഇവയ്ക്ക് ഒളിംപിക് സമിതിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പിന്തുണയുണ്ട്. വോട്ടെടുപ്പിലൂടെയാണ് ഇവയെ മത്സരയിനമായി ഒളിംപിക്സില്‍ ഉള്‍പ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."