കര്‍ണാടക: വാഴ്ചയും വീഴ്ചയും ഇന്നറിയാം, വിശ്വാസവോട്ട് ഉടനെ
ന്യൂഡല്‍ഹി: രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി വന്നതോടെ ഇന്ന് വോട്ടെടുപ്പില്‍ നിര്‍ണായകവിധിവരും. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നുമാണ് സുപ്രിം കോടതി വ്യക്തമാക്കിയതോടെയാണ് ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുക. ഇന്ന് പതിനൊന്നുമണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക.
രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16വിമത എം.എല്‍ എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം.എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്.
രാജിവച്ച 12 എംഎല്‍എമാരും മുംബൈയിലാണുള്ളത്. സഭയില്‍ എത്തില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ.സുധാകര്‍, ആനന്ദ് സിംഗ്, റോഷന്‍ ബെയ്ഗ് എന്നിവരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല. കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.
കുറഞ്ഞത് 12 എം.എല്‍ എമാര്‍ എങ്കിലും വിട്ടുനിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സ്പീക്കറും നാമനിര്‍ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉള്‍പ്പെടെ 103 അംഗങ്ങളാണ്, വിമതര്‍ എത്തിയില്ലെങ്കില്‍, കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഉണ്ടാവുക.
സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാല്‍ 12 എം എല്‍ എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കര്‍ എടുത്തേക്കും. എതിര്‍പക്ഷം സ്വാധീനിക്കുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്, ജെഡിഎസ് ,ബിജെപി എംഎല്‍എമാരെല്ലാം റിസോര്‍ട്ടുകളില്‍ തുടരുകയാണ്. ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായെന്ന അഭ്യൂഹമുണ്ട്. അതേ സമയം സര്‍ക്കാര്‍ ഇന്ന് വീഴുമെന്നും ഇതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് ബി.ജെപി.
സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രിം കോടതി മൂന്നംഗബെഞ്ചിന്റെ നിര്‍ദേശം. ഭരണാഘടനാപരമായ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാനേ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതികൂട്ടിച്ചേര്‍ത്തിരുന്നു. ഏതാണ്ട് അതേ അഭിപ്രായം തന്നെയാണ് കോടതി ഇന്നും വ്യക്തമാക്കിയിരിക്കുന്നത്.
വിമത എം.എല്‍.എമാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വാദം ആരംഭിച്ചത്. വിമത എം.എല്‍.എമാര്‍ ഇല്ലെങ്കില്‍ ഈ സര്‍ക്കാര്‍ ഇല്ല, രാജിവെക്കുക എന്നത് എം.എല്‍.എയുടെ അവകാശമാണെന്നും റോത്തഗി വാദിച്ചിരുന്നു.
രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി അവകാശ ലംഘനമാണെന്നും ബി.ജെ.പിയുമായി വിമത എം.എല്‍.എമാര്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്നും റോത്തഗി കോടതിയില്‍ പറഞ്ഞു.
ജൂലായ് ആറിന് എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയിട്ടും സ്പീക്കര്‍ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ടാണ് എം എല്‍ എമാര്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്തുകൊണ്ടാണ് സ്പീക്കര്‍ തീരുമാനം എടുക്കാതിരുന്നത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികള്‍ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കര്‍ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."