കനത്ത മഴയിലും 'ടെന്‍ഷ'നടിച്ച് കെ.എസ്.ഇ.ബി
ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്ത് മൂന്ന് ദിവസമായി കനത്ത മഴ തുടരുമ്പോഴും വൈദ്യുതി ബോര്‍ഡിന് ടെന്‍ഷന്‍ അകലുന്നില്ല. പ്രധാന അണക്കെട്ടുകള്‍ സ്ഥിതി ചെയ്യുന്ന മധ്യ - തെക്കന്‍ കേരളത്തില്‍ പെയ്യുന്ന മഴ ശരാശരി നിലവാരത്തിലേക്ക് എത്താന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്നതാണ് പ്രശ്‌നം. അതേസമയം വടക്കന്‍ കേരളത്തില്‍ മഴ ശരാശരിയിലേക്ക് അടുത്തിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകള്‍ കാലവര്‍ഷത്തില്‍ 60 ശതമാനവും തുലാവര്‍ഷത്തില്‍ 30 ശതമാനവും നിറയണമെന്നതാണ് തത്വം. എന്നാല്‍ ഇക്കുറി മഴ വര്‍ഷം തുടങ്ങി 51 ദിനങ്ങള്‍ പിന്നിടുമ്പോള്‍ 16.23 ശതമാനം വെള്ളമാണ് സംഭരണികളില്‍ ഉള്ളത്. ഈ സീസണിലെ ഏറ്റവും കുറവ് ജലശേഖരം കൂടിയാണിത്. 4140.252 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള കേരളത്തില്‍ നിലവിലുള്ളത് 672 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്. 3226.339 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കഴിഞ്ഞ വര്‍ഷം ഇതേദിവസം ഉണ്ടായിരുന്നു.
തെക്കന്‍ കേരളത്തില്‍ ഇന്നു വൈകിട്ടുമുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. അടുത്തയാഴ്ച വെയില്‍ ശക്തമാകുമെന്നും പ്രവചിക്കുന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിവരെ ശക്തി കുറഞ്ഞ മഴ വൈകിട്ടോടെ വീണ്ടും തീവ്രമായി. വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചും തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ കൂടുതല്‍ ലഭിച്ചത്. കേരള - കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തിയാണ് ഇതിന് കാരണമാകുന്നതെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ കേരള വെതര്‍ വ്യക്തമാക്കുന്നു. വടക്കന്‍ കേരളത്തിലേക്ക് നീങ്ങുന്ന മേഘങ്ങളുടെ കൂട്ടവും ഇതിന് അനുകൂല ഘടകമായതായി വിലയിരുത്തുന്നു.
സംസ്ഥാനത്ത് ഈ സീസണില്‍ ഇന്നലെ രാവിലെ 8.30 വരെ 77.37 സെ.മീ. മഴയാണ് ലഭിച്ചത്. 114.83 സെ.മീ. ലഭിക്കേണ്ട സ്ഥാനത്താണിത്. 33 ശതമാനം മഴയുടെ കുറവാണുള്ളത്. ഏറ്റവും അധികം മഴ കുറവുള്ളത് വയനാടാണ്, 56 ശതമാനം. തൊട്ടുപിന്നിലായി ഡാമുകളുടെ നാടായ ഇടുക്കിയുമുണ്ട്, 46 ശതമാനം. ശനിയാഴ്ച വടകരയിലാണ് കൂടുതല്‍ മഴ ലഭിച്ചത് 17 സെ.മീ. ഹൊസ്ദുര്‍ഗ് 10, ഇടുക്കി, കൊയിലാണ്ടി, തളിപ്പറമ്പ്, കുഡ്‌ലു എന്നിവിടങ്ങളില്‍ 8 സെ.മീ. വീതവും മഴ ലഭിച്ചു. കണ്ണൂര്‍, ഇരിക്കൂര്‍ 7 സെ.മീ. വീതവും മഴ രേഖപ്പെടുത്തി.
മഴയുടെ ശക്തി അല്‍പം കുറഞ്ഞെങ്കിലും സംഭരണികളിലേക്കുള്ള നീരൊഴുക്ക് തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2.4 അടികൂടി ഉയര്‍ന്ന് 2309.52 അടിയിലെത്തി. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. പമ്പ, കക്കി 12 ശതമാനം, ഷോളയാര്‍ 22, ഇടമലയാര്‍ 14, കുണ്ടള 14, മാട്ടുപ്പെട്ടി 8, കുറ്റ്യാടി 42, തരിയോട് 29, ആനയിറങ്കല്‍ 3, പൊന്മുടി 16, നേര്യമംഗലം 95, പെരിങ്ങല്‍കുത്ത് 67, ലോവര്‍ പെരിയാര്‍ 91 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലശേഖരം. കുറ്റ്യാടിയിലാണ് കൂടുതല്‍ മഴ ലഭിച്ചത് 13.8 സെ.മീ. സംസ്ഥാനത്തെ 82 അണക്കെട്ടുകളില്‍ 55 എണ്ണവും കെ.എസ്.ഇ.ബി യുടെ നിയന്ത്രണത്തിലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."