പ്രളയക്കെടുതിയെ നേരിടാന്‍ ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതികള്‍
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതി ആസൂത്രണത്തിനായി വര്‍ക്കിങ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ജില്ലയിലുണ്ടായ പ്രളയക്കെടുതിയില്‍ കാര്‍ഷിക മേഖലക്ക് നിരവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി നെല്‍കൃഷി, പച്ചക്കറി കൃഷി, കോഴിവളര്‍ത്തല്‍ എന്നിവക്ക് പ്രാധാന്യം നല്‍കുമെന്നും വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വനിതകള്‍, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങിയവരുടെ ഉന്നമനത്തിനായി പുതിയപദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും യോഗത്തില്‍ ബാബു പറശ്ശേരി പറഞ്ഞു.
പ്രളയക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിലൂന്നിയാണ് പദ്ധതികള്‍ തയാറാക്കുക. ജില്ലയില്‍ പ്രളയക്കെടുതിയില്‍ മലയോര മേഖലയിലെ റോഡുകള്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നിരവധി റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ വാര്‍ഷിക പദ്ധതികള്‍ നേരത്തെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ മുപ്പതിനകം പദ്ധതികള്‍ തയാറാക്കി അംഗീകാരം നേടുന്നതിനാണ് ശ്രമം.
വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇ.കെ സുരേഷ് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജെ ജോര്‍ജ് മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സന്‍ സുജാത മനയ്ക്കല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സജിത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."