ജാഗ്രതക്കുറവ്; വിദ്യാഭ്യാസ തട്ടിപ്പുകാരുടെ വലയില്‍ വീണ് വിദ്യാര്‍ഥികള്‍
കോഴിക്കോട്: വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ജാഗ്രതക്കുറവും അജ്ഞതയും മുതലെടുത്ത് ജില്ലയില്‍ സ്വകാര്യ വിദ്യാഭ്യാസ തട്ടിപ്പുകാര്‍ വിലസുന്നു. കോഴിക്കോട് മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എയിംഫില്‍ എന്ന സ്ഥാപനത്തിലും കാരന്തൂര്‍ എം.ഐ.ഇ.ടിയിലും വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ദിവസങ്ങളായി തുടരുകയാണ്. 2010-ല്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച എയിംഫില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വഞ്ചിച്ചുവെന്നാരോപിച്ച് മുന്‍പും വിദ്യാര്‍ഥികള്‍ സമം നടത്തിയിട്ടുണ്ട്. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായിരുന്നു. എന്നാല്‍ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഇപ്പോഴും സുഖമമായി തുടരുകയാണ്.
ലക്ഷങ്ങള്‍ പ്രവേശനത്തിനായി ഈടാക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ വീണ്ടും കുട്ടികളെത്തുന്നുവെന്നത് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ജാഗ്രതക്കുറവാണ് വ്യക്തമാക്കുന്നത്. പ്രൊഫഷനല്‍ സ്ഥാപനങ്ങളെന്ന പ്രചാരണവുമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം സ്ഥാപനങ്ങളുടെ സ്ഥിതിയും ഇതിനു സമാനമാണ്. ഉപരിപഠനത്തിനായി ശ്രമിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന ശമ്പളം, ഗ്ലാമര്‍ ലോകം, ഉയര്‍ന്ന ജീവിതനിലവാരം തുടങ്ങിയ പരസ്യവാചകങ്ങളുടെ അകമ്പടിയോടുകൂടിയാണ് വിദ്യാര്‍ഥികളെ ഒറ്റനോട്ടത്തില്‍ ആകര്‍ഷിക്കുന്ന വിവിധ കോഴ്‌സുകള്‍ ഇവര്‍ ആരംഭിക്കുന്നത്.
വിവിധ ടെക്‌നിക്കല്‍ എന്‍ജിനീയറിങ് ബിരുദ കോഴ്‌സുകള്‍, മറൈന്‍ എന്‍ജിനീയറിങ്, ഏവിയേഷന്‍ കോഴ്‌സ്, എയര്‍ലൈന്‍, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ബിരുദം, കാബിന്‍ക്ര്യൂ, ഹോസ്പിറ്റാലിറ്റി ഡിപ്ലോമ തുടങ്ങിയവയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതരസംസ്ഥാന സര്‍വകലാശാലകളുടെ അംഗീകാരം അവകാശപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇവയില്‍ മിക്കതും കച്ചവടം ലക്ഷ്യമാക്കി മാത്രം പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സ്ഥാപനങ്ങളാണ്. ഭാരതിയാര്‍ പോലുള്ള സര്‍വകലാശാലകളുടെ 'ടെക്‌നിക്കല്‍ കൊളാബ്രേറ്റേഴ്‌സാ'ണ് തങ്ങളെന്നാണ് കൂടുതല്‍ അന്വേഷിച്ചാല്‍ ഇവര്‍ നല്‍കുന്ന മറുപടി. മന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങി പ്രമുഖരാണ് മിക്കപ്പോഴും ഇത്തരം സ്ഥാപനങ്ങളുടെ ഉദ്ഘാടന കര്‍മത്തിലും ബ്രോഷറുകളിലും പ്രത്യക്ഷപ്പെടുക. ഇതിന്റെ പിന്‍ബലം കൂടിയാകുമ്പോള്‍ കോഴ്‌സുകളുടെ വിശ്വാസ്യതയെപ്പറ്റിയുള്ള രക്ഷിതാക്കളുടെ ആശങ്കയും അസ്ഥാനത്താകുന്നു.
രണ്ടു മുതല്‍ നാലു ലക്ഷം രൂപ വരെ ഈടാക്കിയാണ് കോഴ്‌സുകള്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നത്. മിക്ക സ്ഥാപനങ്ങളും 5,000 മുതല്‍ 10,000 രൂപ വരെ രജിസ്‌ട്രേഷന്‍ ഫീസായും ഈടാക്കാറുണ്ട്. കെട്ടിടം മുഴുവന്‍ വൈ-ഫൈ (വയര്‍ലെസ് ഇന്റര്‍നെറ്റ്) സംവിധാനം, സൗജന്യ ലാപ്‌ടോപ് തുടങ്ങിയ വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്കും പരിധിയില്ലാതാകുന്നു.
മിക്ക സ്ഥാപനങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ പോലും എഴുതാനാകാത്ത സാഹചര്യം വരുമ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട കാര്യം ഇവര്‍ തിരിച്ചറിയുന്നത്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവയ്ക്കുന്നതിനാല്‍ ഫീസ് മുഴുവന്‍ അടച്ചവര്‍ക്ക്മാത്രമെ ഇതു തിരിച്ചു നല്‍കാറുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."