മര്‍കസ് വിദ്യാഭ്യാസ തട്ടിപ്പ് : വിദഗ്ധ സമിതിയുടെ പേരില്‍ വീണ്ടും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം
കോഴിക്കോട്: മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ കോഴ്‌സിന്റെ അംഗീകാരം സംബന്ധിച്ച് ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ മറയാക്കി വീണ്ടും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം. പ്രൊഫഷനല്‍ ഏജന്‍സികളായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എന്‍ജിനീയേഴ്‌സ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടോമൊബൈല്‍ എന്‍ജിനീയേഴ്‌സ് ഇന്ത്യ എന്നിവ മുഖാന്തരം നടത്തിയ ഡിപ്ലോമ കോഴ്‌സുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ളവയാണെന്ന് പറഞ്ഞ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് മര്‍കസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വിദ്യാര്‍ഥി സമരത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ നിയോഗിച്ച സമിതി കോഴ്‌സിന് തുല്യത അനുവദിക്കാനുള്ള ശുപാര്‍ശ മാത്രമാണ് നല്‍കിയത്. ഇതു മറയാക്കിയാണ് മര്‍കസ് അധികൃതര്‍ കോഴ്‌സിന് അംഗീകാരമുണ്ടെന്ന തെറ്റിദ്ധാരണ പരത്തുന്നത്.
2013 മെയ് 31ന് ശേഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഡിപ്ലോമക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തുല്യതയില്ല. എന്നാല്‍ സിലബസില്‍ ഒരു പരിഷ്‌കാരവും വരാത്ത സാഹചര്യത്തില്‍ 2013- 16 വരെയുള്ള ബാച്ചിന് അംഗീകാരം നല്‍കാവുന്നതാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെയാണ് അധികൃതര്‍ വളച്ചൊടിച്ചത്. റിപ്പോര്‍ട്ടിനെ കുറിച്ച് സമിതി പറയുന്നതിന് മുന്‍പേ മര്‍കസ് അധികൃതര്‍ എന്തിനാണ് വിശദീകരണം നടത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ വിഭാഗം കോഴിക്കോട് മേഖലാ കാര്യാലയം ജോ. ഡയറക്ടര്‍ എന്‍. ശാന്തകുമാര്‍, കോഴിക്കോട് എന്‍.ഐ.ടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.എ നസീര്‍, അസി. പ്രൊഫസര്‍ ഡോ. വി. സജിത്ത് എന്നീ മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം ലഭ്യമാക്കാന്‍ സാധ്യമല്ലെന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കൂടാതെ ആര്‍ക്കിടെക്ചര്‍, സിവില്‍, ഓട്ടോമൊബെല്‍ എന്‍ജിനീയറിങ് കോഴ്‌സുകള്‍ സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."