കൊണ്ടോട്ടി വലിയതോടിന് കുറുകെയുള്ള അനധികൃത പാലം നിര്‍മാണം തടഞ്ഞു
കൊണ്ടോട്ടി: നഗരസഭ അധികൃതര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയ വലിയതോടിന് കുറുകെയുളള അനധികൃത പാലം നിര്‍മാണം അവധി ദിനത്തില്‍ നടത്താന്‍ ശ്രമിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. കൊണ്ടോട്ടി ജനതാ ബസാര്‍ ബൈപ്പാസ് റോഡിലെ വലിയ തോടിന് കുറകെയാണ് സ്വകാര്യവ്യക്തികള്‍ അനുമതിയില്ലാതെ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറി പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞായറാഴ്ച അവധി ദിവസത്തില്‍ വീണ്ടും കോണ്‍ക്രീറ്റ് ചെയ്യാനുളള ശ്രമമാണ് സി.പി.എം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞത്.
അനധികൃതമായി നിര്‍മിക്കുന്ന പാലത്തിനടത്ത് തന്നെയായി ഒരു വി.സി.ബി ഉള്‍പ്പടെ നാലു പാലങ്ങള്‍ ഇതിനകം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെയാണ് കഴിഞ്ഞ ദിവസം പുതിയ പാലം പണിയാനുളള ശ്രമം നഗരസഭ തടഞ്ഞിരുന്നത്. ആശുപത്രിയിലേക്കും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലേക്കുമായി മൂന്ന് പാലങ്ങക്ക് പുറമെയാണ് പുതിയ പാലത്തിന് ശ്രമം തടഞ്ഞത്.
നഗരത്തോട് ചേര്‍ന്നുളള കൊണ്ടോട്ടി വലിയതോടിന് കുറുകെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ 20 കോണ്‍ക്രീറ്റ് പാലങ്ങള്‍ സ്ഥിതി ചെയ്യുന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച സുപ്രഭാതം നല്‍കിയിരുന്നു.
പ്രധാന റോഡുകളുടെ കുറകെയും ജലസേചനത്തിനായി വി.സി.ബിയും നിര്‍മിച്ചതോടെ വലിയതോട് കോണ്‍ക്രീറ്റ് പാലങ്ങളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. കൊണ്ടോട്ടി ജനതാബസാര്‍ ബൈപ്പാസ് മുതല്‍ ചക്കുങ്ങല്‍ അരു വിമാനത്താവള റോഡ് വരെയാണ് 20 പാലങ്ങള്‍ പണിതിരിക്കുന്നത്. വിവിധ സമയങ്ങളിലായി പണിത പാലങ്ങള്‍ പലതും ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."