മറയൂര്‍ ശര്‍ക്കരയ്ക്ക് ജി.ഐ പേറ്റന്റ്: സാംപിളുകള്‍ ശേഖരിച്ചു
തൊടുപുഴ: പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയ്ക്കു ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പേറ്റന്റ് (ജി.ഐ) ലഭിക്കാനുള്ള നടപടി തുടങ്ങി. ഇത്തവണത്തെ ബജറ്റില്‍ മറയൂര്‍ ശര്‍ക്കര ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ ജി.ഐ പേറ്റന്റ് നടപടിക്കായി തുക വകയിരുത്തിയിരുന്നു.
ഗുണനിലവാരമുള്ള ശര്‍ക്കര ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനും വ്യാജ ശര്‍ക്കര കാരണം കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന വിലത്തകര്‍ച്ച ഒഴിവാക്കുന്നതിനുമായാണു ജി.ഐ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്.
മന്ത്രി വി.എസ്.സുനില്‍കുമാര്‍ മറയൂരിലെത്തി കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പേറ്റന്റ് നടപടിക്കായി കേരള കാര്‍ഷിക സര്‍വകലാശാലയെ ചുമതലപ്പെടുത്തി. കാര്‍ഷിക സര്‍വകലാശാലയുടെ പട്ടാമ്പി കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി.ആര്‍.എല്‍സിയുടെ നേതൃത്വത്തിലാണു പേറ്റന്റിനുള്ള നടപടികളുടെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കിയത്.
ആദ്യഘട്ടത്തില്‍ മറയൂരിലെ കരിമ്പുകൃഷിയുടെ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിച്ച് നിര്‍മാണ രീതികള്‍ ഡോക്യുമെന്റ് ചെയ്തു. എട്ടുമാസം കൊണ്ടു വിവരശേഖരണം പൂര്‍ത്തിയായി. ജി.ഐ രജിസ്‌ട്രേഷന്‍ ചെന്നൈയില്‍ സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണു മറയൂരിലെത്തി കര്‍ഷകരില്‍ നിന്നും കര്‍ഷക സംഘങ്ങളില്‍ നിന്നും നേരിട്ടു സാംപിളുകള്‍ ശേഖരിച്ചത്.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പരിശോധന നടത്തിയശേഷം, മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലെ പഞ്ചായത്ത് അധികൃതര്‍, മാപ്‌കോ, മഹാട്, അഞ്ചുനാട് കരിമ്പ് ഉല്‍പാദക സമിതി എന്നീ കര്‍ഷകക്കൂട്ടായ്മ സംഘങ്ങളുമായി മീറ്റിങ് നടത്തിയശേഷം ജി.ഐ പേറ്റന്റിനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്നു ഡോ.സി.ആര്‍.എല്‍.സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."