ശബരിമല: രാഷ്ട്രീയ പാര്‍ട്ടികളുടേത് വിലകെട്ട രാഷ്ട്രീയ തന്ത്രമെന്ന് പു.ക.സ
തിരുവനന്തപുരം: സ്ത്രീ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും എതിരായി വളണ്ടിയര്‍മാരെ തെരുവില്‍ ഇറക്കിയിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂലമായ നിലപാടാണുള്ളതെന്നും ഇപ്പോള്‍ കാണിക്കുന്നത് അവരുടെ വിലകെട്ട രാഷ്ട്രീയ അടവുതന്ത്രം മാത്രമാണെന്നും പുരോഗമന കലാസാഹിത്യ സംഘം.
പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിച്ച് ആരാധന നടത്തണമെന്നത് നീണ്ടകാലത്തെ ആവശ്യമാണ്. സുപ്രിംകോടതി വസ്തുതകള്‍ പരിശോധിച്ചും പഠിച്ചും ഭക്തസ്ത്രീകള്‍ക്ക് അനുകൂലമായി ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വിധി നടപ്പാക്കാന്‍ സര്‍ക്കാരിനും നീതിബോധമുള്ളവര്‍ക്കും ബാധ്യതയുണ്ടെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തെ വിലക്കുന്ന ആചാരങ്ങള്‍ക്കെതിരായാണ് വൈക്കത്തും ഗുരുവായൂരും സത്യഗ്രഹം നടന്നത്. തന്ത്രിമാരും മറ്റ് യാഥാസ്ഥിതിക പുരോഹിതന്മാരും ക്ഷേത്രാചാരങ്ങളുടെ പേര് പറഞ്ഞ് ദലിത് പിന്നോക്ക ജാതിക്കാരായ ഭക്തരുടെ ക്ഷേത്രപ്രവേശനത്തിന് അന്നും തടസം നിന്നിരുന്നുവെന്ന് സാഹിത്യ വേദി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."