നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടി വേണം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് യു.ഡി.എഫ് ഘടകക്ഷികള്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയിലാണ് ഘടകകക്ഷികളായ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും ആര്‍.എസ്.പിയും ഈ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ആരും പരാതി ഉന്നയിച്ചതുമില്ല. ഉമ്മന്‍ ചാണ്ടിയെത്തുന്നതോടെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നും തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നും കക്ഷിനേതാക്കള്‍ ചൂണ്ടിക്കാട്ടി. ലീഗും കേരള കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്തേക്കെത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചപ്പോള്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടിയും എത്തണമെന്ന നിലപാടാണ് ആര്‍.എസ്.പിയും സി.എം.പിയും സ്വീകരിച്ചതെന്നാണ് വിവരം. ഐക്യജനാധിപത്യ മുന്നണിയെ വിജയത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതൃപരമായ പങ്കുവഹിക്കണമെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ അനുഭവം ഉള്‍കൊണ്ടുകൊണ്ട് അവശ്യം വേണ്ട തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായും ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.
മൂന്ന് സീറ്റുകളെങ്കിലും ലഭിക്കാന്‍ സി.എം.പിക്ക് അര്‍ഹതയുണ്ടെന്നും സുരക്ഷിതമായ ഒരു സീറ്റ് നല്‍കണമെന്നും സി.എം.പി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് രാഷ്ട്രീയ കക്ഷികളുടെ നേതൃപ്രശ്‌നം പൊതു രാഷ്ട്രീയ വിഷയമാക്കരുത്. എല്ലാവരേയും തുല്യമായി പരിഗണിക്കണമെന്ന ആവശ്യമാണ് സി.എം.പി മുന്നോട്ട് വച്ചതെന്നും ചര്‍ച്ചയ്ക്ക് ശേഷം നേതാവ് സി.പി ജോണ്‍ അറിയിച്ചു.കഴിഞ്ഞ ദിവസം രാഷ്ട്രീയ കാര്യസമിതി അംഗങ്ങളെയും ഡി.സി.സി പ്രസിഡന്റുമാരെയും മുതിര്‍ന്ന നേതാക്കളെയും കണ്ട താരിഖ് അന്‍വര്‍ ഇന്നലെ ഘടകകക്ഷി നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. പരസ്യപ്രസ്താവനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനൊപ്പം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി മോഹന്‍, ഇവാന്‍ ഡിസൂസ, പി. വിശ്വനാഥന്‍ എന്നിവര്‍ക്ക് വിവിധ ജില്ലകളുടെ ചുമതലയും നല്‍കിയാണ് താരീഖ് അന്‍വര്‍ മടങ്ങുന്നത്. പി.വി മോഹനന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളുടേയും ഇവാന്‍ ഡിസൂസയ്ക്ക് തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവയുടെയും പി. വിശ്വനാഥന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെയും ചുമതലയാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."