അഖ്‌ലാഖ്, പെഹ്ലു ഖാന്‍, തബ്‌രീസ് അന്‍സാരി... രാജ്യത്തെ അനീതിയുടെ പര്യായ പദങ്ങള്‍; സംഘ്പരിവാര ഭീകരതയ്‌ക്കെതിരേ നുസ്രത്ത് ജഹാന്‍ എം.പി
കൊല്‍ക്കത്ത: സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കു പിന്നാലെ ഇന്ത്യയിലെ ന്യൂനപക്ഷ വേട്ടയാടലിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത്ത് ജഹാന്‍. രാജ്യത്തെ മനുഷ്യജീവിതത്തിന്റെ അവസ്ഥകള്‍ വിവരിച്ച അവര്‍ ''മോബോക്രസി''യുടെ (ആള്‍ക്കൂട്ട ആധിപത്യം) ഭയാനകരമായ പ്രവര്‍ത്തനങ്ങളെയാണ് ഇന്ത്യന്‍ ജനത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും പറയുന്നു. വെസ്റ്റ് ബംഗാളിലെ ബസിറത്ത് മണ്ഡലത്തില്‍നിന്നുള്ള എം.പി കടുത്ത ഭാഷയിലാണ് സംഘ്പരിവാരങ്ങളുടെ ആള്‍ക്കൂട്ട കൊലപാതകങ്ങളെയും ഗോരക്ഷാ പ്രവര്‍ത്തകരുടെ ഭീകരതയെയും വിമര്‍ശിക്കുന്നത്.
വിദ്വേഷ പ്രവര്‍ത്തനങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും രാജ്യത്ത് ദിനംപ്രതി വര്‍ധിക്കുകയാണ്. 2014-2019 കാലയളവിനുള്ളില്‍ ദലിത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ രാജ്യത്ത് നിരവധി ആക്രമണങ്ങളാണു നടന്നത്. ഈ 2019ല്‍ തന്നെ പതിനൊന്നോളം വിദ്വേഷ കുറ്റകൃത്യങ്ങളും നാലുപേര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു വിധേയരാവുകയും ചെയ്തു. ഇവരെല്ലാവവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരാണെന്നും കത്തില്‍ എം.പി ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിദ്വേഷ കൊലപാതകങ്ങള്‍ക്കെതിരേ രാജ്യത്ത് വ്യാപകമായ തോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും അവര്‍ പ്രത്യാശിക്കുന്നുണ്ട്.
ഗോരക്ഷാ പ്രവര്‍ത്തകരാല്‍ നിരവധി പേരുടെ ജീവനെടുക്കുകയാണ് ഇവിടുത്തെ സംഘ്പരിവാരം. കന്നുകാലി കടത്തിന്റെ പേരിലും ബീഫിന്റെ പേരിലും അനവധി പേര്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍ ഇത്തരം വിഷയങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം രാജ്യത്തെ വല്ലാതെ ബാധിച്ചുകഴിഞ്ഞു.
നമ്മുടെ രാജ്യത്തെ അനീതിക്ക് നിരവധി പേരുകളുണ്ട്. തബ്രീസ് അന്‍സാരി, പെഹ്ലു ഖാന്‍, മുഹമ്മദ് അഖ്‌ലാഖ് തുടങ്ങിയവ അനീതിയുടെ മറുവാക്കുകളാണെന്നും എം.പി കത്തില്‍ പറയുന്നു.
ആള്‍ക്കൂട്ട കൊലപാതകമായിരുന്നു ഇതുവരെ നടന്നുകൊണ്ടിരുന്നത്. എന്നാല്‍ ദൈവത്തിന്റെ പേരിലും ഇപ്പോള്‍ കൊലവിളി നടക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ സാരെ ജഹാം സെ അച്ഛാ എന്ന കാവ്യം എടുത്തു പറഞ്ഞാണ് അവര്‍ കത്ത് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."