ഖത്തറില്‍ രണ്ടു സ്റ്റേഡിയങ്ങള്‍ കൂടി ഉദ്ഘാടനത്തിനൊരുങ്ങി
ദോഹ: ഖത്തറില്‍ രണ്ട് ലോകകപ്പ് സ്റ്റേഡിയങ്ങള്‍ 2021 മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ഖത്തര്‍ കലണ്ടര്‍ 2021 അനുസരിച്ച് റാസ് അബു അബൂദ് സ്റ്റേഡിയത്തിന്റെയും, അല്‍ തുമാമ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനമാണ് 2021 മെയ് മാസത്തില്‍ നടക്കുക. ഖത്തര്‍ 2022 ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന 80,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലുസൈല്‍ സ്റ്റേഡിയം 2021 ഡിസംബറില്‍ തുറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുക്കിപ്പണിത ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം, പുതുതായി നിര്‍മിച്ച അഹ്മദ് ബിന്‍ അലി സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.
ഷിപ്പിങ് കണ്ടെയ്‌നറുകള്‍, നീക്കം ചെയ്യാവുന്ന സീറ്റുകള്‍, മോഡുലാര്‍ ബില്‍ഡിങ് ബ്ലോക്കുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന 40,000 സീറ്റുകള്‍ ഉള്ള അല്‍ തുമാമ സ്‌റ്റേഡിയം ലോക കപ്പ് കഴിഞ്ഞാല്‍ പൂര്‍ണമായും അഴിച്ചുമാറ്റി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണു പദ്ധതി. 40,000 സീറ്റുകള്‍ ഉള്ള അല്‍ തുമാമ സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മല്‍സരങ്ങളാണ് നടക്കുക. അറബ് രാജ്യങ്ങളില്‍ പുരുഷന്മാരും ആണ്‍കുട്ടികളും ധരിക്കുന്ന പരമ്പരാഗത തൊപ്പിയുടെ മാതൃകയിലാണ് ഈ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.
ലോക കപ്പിന്റെ കലാശക്കളി നടക്കുന്ന ലുസൈല്‍ സ്റ്റേഡിയം അടുത്ത വര്‍ഷം അവസാനമാണ് ഒരുങ്ങുക. നിഴലും വെളിച്ചവും കലര്‍ന്ന ഫനാര്‍ വിളക്കിന്റെ മാതൃകയിലാണ് ഇതിന്റെ നിര്‍മാണം. അറബ് ഇസ്ലാമിക ലോകത്തെ നിരവധി കലാശില്‍പ്പങ്ങളില്‍ നിന്നുള്ള മാതൃക കൂടി ഉള്‍ക്കൊള്ളിച്ചാണ് ഈ സ്റ്റേഡിയം പൂര്‍ത്തിയാവുന്നത്.
ഫിഫ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം അണിയറയില്‍ ഒരുങ്ങി
അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന ഫിഫ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം അണിയറയില്‍ ഒരുങ്ങി. 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പ് ഭാഗ്യ ചിഹ്നം 2021 ഫെബ്രുവരിയിലാണ് പ്രകാശനം ചെയ്യുക. ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സിലിന്റെ ഖത്തര്‍ കലണ്ടര്‍ 2021ലാണ് ലോക കപ്പ് ഭാഗ്യ ചിഹ്നം ഫെബ്രുവരിയില്‍ പ്രകാശനം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
പൊതുവേ ടൂര്‍ണമെന്റ് നടക്കുന്ന രാജ്യത്തെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഭാഗ്യ ചിഹ്നം. 2018ല്‍ റഷ്യന്‍ ലോക കപ്പിന്റെ ഭാഗ്യ ചിഹ്നം സബിവാക എന്ന ചെന്നായ ആയിരുന്നു. 2014ല്‍ ബ്രസീല്‍ ലോക കപ്പ് നടന്നപ്പോള്‍ ഭാഗ്യ ചിഹ്നമായത് ഫുലേകോ എന്ന ബ്രസീലിയന്‍ അര്‍മഡില്ലോ(ഉറുമ്പു തീനി) ആണ്. സ്റ്റേഡിയം നിര്‍മാണത്തിലും മറ്റും അറബ് ലോകത്തിന്റെയും ഖത്തറിന്റെയും പാരമ്പര്യ സവിശേഷതകള്‍ ഉയര്‍ത്തിക്കാട്ടിയ ഖത്തര്‍ ഭാഗ്യചിഹ്നത്തില്‍ എന്തായിരിക്കും ഒളിപ്പിച്ച് വച്ചിട്ടുള്ളത് എന്ന കൗതുകത്തിലാണ് ലോകം.
2022 ലെ ലോകകപ്പിന്റെ ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ നവംബറില്‍ നടക്കുമെന്നും ഖത്തര്‍ ടൂറിസം കൗണ്‍സില്‍ കലണ്ടറില്‍ പറയുന്നു. ലോകകപ്പിനുള്ള റാസ് അബു അബൂദ് സ്റ്റേഡിയം, അല്‍ തുമാമ സ്റ്റേഡിയങ്ങള്‍ 2021 മെയ് മാസത്തിലും ലുസൈല്‍ സ്റ്റേഡിയം 2021 ഡിസംബറിലും സജ്ജമാകാനിരിക്കുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."