കള്ളനോട്ട് കേസന്വേഷണം പ്രത്യേക സംഘത്തിന്
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറിയേക്കുമെന്ന് സൂചന. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിയോടും കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറോടും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. രണ്ടുജില്ലകളില്‍ നിന്നായി 20 ലക്ഷം രൂപയുടെ കള്ളനോട്ടാണ് കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പിടികൂടുകയും ചെയ്തു. കേസിലെ മുഖ്യപ്രതി കോഴിക്കോട് സ്വദേശിയായ ഷെമീര്‍ ആണ്. മൂന്നു മാസത്തെ പരിശ്രമത്തിനൊടുവിലാണ് കള്ളനോട്ട് തയാറാക്കിയതെന്ന് ഷെമീര്‍ പൊലിസിനോട് പറഞ്ഞതായാണ് വിവരം. ഷെമീര്‍ മറ്റുജില്ലകളിലും കള്ളനോട്ട് വിതരണം ചെയ്തതായാണ് പൊലിസിന്റെ നിഗമനം. കൊച്ചി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. കോഴിക്കോട് നിന്ന് പിടിയിലായ റഷീദെന്ന ഉണ്ണികൃഷ്ണനാണ് വിതരണ ശൃഖലയിലെ മുഖ്യകണ്ണിയെന്നും പൊലിസ് പറഞ്ഞു.
സംഘത്തെ കുടുക്കിയത്
ആശുപത്രി ജീവനക്കാരന്റെ ജാഗ്രത
തിരുവനന്തപുരം: വന്‍ കള്ളനോട്ട് സംഘത്തിലേക്ക് വിരല്‍ ചൂണ്ടിയത് ഒരു ആശുപത്രി ജീവനക്കാരന്റെ ജാഗ്രത. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ കള്ളനോട്ട് എത്തിക്കുന്ന സംഘത്തിലേക്കുള്ള പിടിവള്ളിയായിരുന്നു ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യറുടെ ശ്രദ്ധയില്‍ കുടുങ്ങിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും ആ നോട്ടുകള്‍. കേസിലെ പ്രതിയായ രാജന്‍ പത്രോസ് മകളുടെ ആശുപത്രി ബില്ലുകള്‍ അടയ്ക്കാനായി നല്‍കിയ നോട്ടുകളില്‍ ക്യാഷ്യര്‍ക്ക് തോന്നിയ സംശയമാണ് ഇരുപത് ലക്ഷത്തിന്റെ കള്ളനോട്ട് പിടിക്കാന്‍ കാരണമായത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത നിലയിലുള്ള അഞ്ഞൂറിന്റെ കള്ളനോട്ട് മറ്റ് നോട്ടുകള്‍ക്കൊപ്പമാണ് ആശുപത്രിയില്‍ നല്‍കിയത്. പിന്നീട് വന്ന ഒരു ബില്ലിന് രണ്ടായിരം രൂപയുടെ കള്ളനോട്ടും നല്‍കി. ഇവ തമ്മിലുള്ള സമാനതകളാണ് കള്ളനോട്ടാണോയെന്ന സംശയത്തിലേക്ക് കാഷ്യര്‍ എത്തിയതിന് പിന്നില്‍.
ഇതോടെയാണ് നോട്ടിന്റെ ഉത്ഭവ സ്ഥാനത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കടയ്ക്കാവൂരിലുള്ള രാജന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ വേറെയും കള്ളനോട്ടുകള്‍ പിടിച്ചു. രാജനെ ചോദ്യം ചെയ്തതോടെയാണ് പോത്തന്‍കോട് സ്വദേശി വഹാബും ചിറയിന്‍കീഴ് സ്വദേശി പ്രതാപനും പിടിയിലാവുന്നത്. ഇവരില്‍ നിന്നാണ് അന്വേഷണം കോഴിക്കോട് സ്വദേശിയായ ഷെമീറിലേക്ക് എത്തുന്നത്. മൂന്ന് ലക്ഷത്തിന്റെ ഓര്‍ഡര്‍ വഹാബ് വഴി ഷെമീറിന് നല്‍കി പൊലിസ് കെണിയൊരുക്കി. ഒരു ലക്ഷം രൂപ നല്‍കിയാല്‍ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടാണ് ഷെമീര്‍ എത്തിക്കാമെന്നേറ്റത്. സ്‌കൂള്‍ വിദ്യാഭ്യാസം പകുതിക്ക് നിര്‍ത്തിയ ഷെമീര്‍ ഡി.റ്റി.പിയും ഫാബ്രിക്കേഷനുമാണ് പഠിച്ചത്. നിരവധി വര്‍ഷങ്ങള്‍ ഇയാള്‍ വിദേശത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."