ഉദുമ പീഡനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
ബേക്കല്‍ (കാസര്‍കോട്): ഉദുമയില്‍ ഭര്‍തൃമതിയെ പീഡിപ്പിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസന്വേഷണം ആരംഭിച്ചു. 18 പേര് പ്രതികളായ കേസിന്റെ അന്വേഷണ ഫയല്‍ പൊലിസ് ക്രൈംബ്രാഞ്ചിന് കൈമാറി.
ഉദുമ സ്വദേശിനിയായ ഭര്‍തൃമതി നല്കിയ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. വിവിധ കാലയളവുകളിലായി തന്നെ 18 പേര് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ബേക്കല്‍ പൊലിസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതേ തുടര്‍ന്ന് പൊലിസ് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്താണ് 18 പേര് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ വീട്ടില്‍വെച്ചായിരുന്നു പീഡനം. പ്രതികളില്‍ ചിലര്‍ യുവതിയുടെ നഗ്നരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. മൂന്നു കുട്ടികളുടെ മാതാവായ യുവതി അഞ്ചു പേര്‍ക്കെതിരേയാണ് ആദ്യം പൊലിസില്‍ പരാതി നല്‍കിയത്. ബേക്കല്‍ പൊലിസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതോടെ യുവതി കൂടുതല്‍ പേര്‍ക്കെതിരേ പരാതി നല്‍കുകയായിരുന്നു.
ഇതോടെ 13 കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. നഗ്നരംഗങ്ങള്‍ ചിത്രീകരിച്ചതായി യുവതി ആരോപിക്കുന്ന പ്രതി ഗള്‍ഫിലായതിനാല്‍ രംഗം പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്താനും പൊലിസിനു കഴിഞ്ഞില്ല. ഇതിനിടയില്‍ പ്രതികളില്‍ ചിലര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
യുവതിയുടെ മൊഴിയല്ലാതെ ഇതിനു പിന്‍ബലമേകുന്ന തെളിവുകള്‍ ശേഖരിക്കാന്‍ പൊലിസിനു കഴിയാതിരുന്നതിനാല്‍ കേസ് റദ്ദാക്കണമെന്നു പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."