സഹകരണ മേഖലയില്‍ ജനാധിപത്യം അട്ടിമറിക്കുന്നു
തൊടുപുഴ: സഹകരണ മേഖലയിലെ ജനാധിപത്യം അട്ടിമറിച്ച് അപ്പെക്‌സ് സംഘങ്ങളിലടക്കം അഡ്മിനിസ്‌ട്രേറ്റീവ് ഭരണം തുടരുന്നു. കണ്‍സ്യൂമര്‍ ഫെഡ്, കയര്‍ഫെഡ്, ഹാന്റക്‌സ്, ടെക്‌സ്‌ഫെഡ്, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കുറ്റിപ്പുറം മാല്‍കോടെക്‌സ്, മലപ്പുറം, കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലുകള്‍, സംസ്ഥാന സഹകരണ യൂനിയന്‍, സര്‍ക്കിള്‍ സഹകരണ യൂനിയന്‍, കാപെക്‌സ്, മത്സ്യഫെഡ്, ടൂര്‍ഫെഡ്, സംസ്ഥാന സഹകരണ ബാങ്ക്, 14 ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം തുടരുന്നത്.
ജില്ലാ സഹകരണ ബാങ്കുകളിലെ ദീര്‍ഘിപ്പിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന്റെ കാലാവധി ഈ മാസം 10ന് അവസാനിക്കുകയാണ്. ഉത്തരവിലൂടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി നീട്ടാനാണ് സര്‍ക്കാര്‍ നീക്കം. ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെയും ജനറല്‍ മാനേജര്‍മാരുടെയും യോഗം നാളെ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേരളാ ബാങ്ക് രൂപീകരണമാണ് അജണ്ടയെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നീട്ടുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കും.
ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതി പിരിച്ചുവിട്ട് 2017 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ ആദ്യം അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. 2017 ഒക്ടോബര്‍ 10ന് കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ആറുമാസത്തേക്കുകൂടി നീട്ടി.
ഇതിനെതിരേ വിവിധ ജില്ലാ ബാങ്ക് ഭരണസമിതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിലും അഡിമിനിസ്‌ട്രേറ്റീവ് കമ്മിറ്റികളില്‍ രാഷ്ട്രീയ നിയമനം പാടില്ലെന്നും ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് ആറുമാസത്തിനകം നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ ഏപ്രില്‍ 10ന് അവസാനിച്ചതിനെത്തുടര്‍ന്ന് വീണ്ടും ആറുമാസത്തേക്കുകൂടി നീട്ടി. വരുന്ന ഒക്ടോബര്‍ 10ന് ഇത് അവസാനിക്കുകയാണ്.
സഹകരണ സ്പിന്നിങ് മില്ലുകളില്‍ 15 വര്‍ഷമായി ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കണ്ണൂര്‍, മലപ്പുറം, കുറ്റിപ്പുറം മാല്‍കോടെക്‌സ്, തൃശൂര്‍, ആലപ്പി, കൊല്ലം സ്പിന്നിങ് മില്ലുകള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നോമിനേറ്റഡ് ഭരണസമിതിയാണ് വര്‍ഷങ്ങളായി തുടരുന്നത്. കോട്ടയം പ്രിയദര്‍ശിനി സ്പിന്നിങ് മില്ലിലും തൃശൂര്‍ മാളയിലെ കരുണാകരന്‍ സ്മാരക സഹകരണ സ്പിന്നിങ് മില്ലിലും മാത്രമാണ് തെരഞ്ഞെടുപ്പിലൂടെയുള്ള ഭരണസമിതി നിലവിലുള്ളത്. 1969ലെ കേരള സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകളെല്ലാം. പ്രാഥമിക സഹകരണ സംഘങ്ങളുടെ ഗണത്തിലാണ് സഹ. സ്പിന്നിങ് മില്ലുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇത്തരം സംഘങ്ങളിലേക്ക് സര്‍ക്കാരിന് നോമിനേഷന്‍ ചെയ്യാന്‍ നിലവിലെ നിയമപ്രകാരം വ്യവസ്ഥയില്ല. സ്വന്തക്കാരെ നോമിനേഷനിലൂടെ ചെയര്‍മാനും ഭരണസമിതി അംഗങ്ങളും ആക്കാമെന്നതിനാലാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുഖംതിരിച്ചു നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."