അമ്പൂരിയിലെ കൊല: രണ്ടാം പ്രതി അറസ്റ്റില്‍, അന്വേഷണം ഫലപ്രദമല്ലെന്ന് കൊല്ലപ്പെട്ട രാഖിയുടെ കുടുംബം
തിരുവനന്തപുരം: അമ്പൂരി കൊലപാതകക്കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായും പൊലിസ്. മുഖ്യപ്രതി അമ്പൂരി തട്ടാരുമുക്ക് സ്വദേശി അഖിലേഷ് നായരുടെ അനിയനും രണ്ടാംപ്രതിയുമായ രാഹുല്‍ ആണ് അറസ്റ്റിലായത്. എന്നാല്‍ രാഹുല്‍ ഇന്നലെതന്നെ കീഴടങ്ങിയിട്ടുണ്ടെന്നാണ് പിതാവ് വെളിപ്പെടുത്തുന്നത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഓഫിസിലാണ് ഇയാള്‍ കീഴടങ്ങിയതെന്നും പിതാവ് മണിയന് പറഞ്ഞു.
എന്നാല്‍ രാഹുല്‍ കീഴടങ്ങിയിട്ടില്ലെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് ബന്ധുക്കളുടേതെന്നുമാണ് പൊലിസ് വ്യക്തമാക്കുന്നത്. പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നും ഇവരെ പിടികൂടിയിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. അന്വേഷണം വഴിതെറ്റിക്കാന്‍ നേരത്തെയും പ്രതികള്‍ ശ്രമിച്ചിരുന്നതായും പൊലിസ് പറഞ്ഞു.
അതേ സമയം അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രാഖിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലിസ് ഇടപെടല്‍ എന്നാണ് ഇവരുടെ പരാതി. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പൊലിസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛന് ആരോപിക്കുന്നു. വിവാഹക്കാര്യം അടക്കം എല്ലാ വിവരങ്ങളും കുടുംബത്തിന് അറിയാമായിരുന്നു എന്നാണ് അന്വേഷണത്തില്‍ വെളിവാകുന്നത്. ഇനിയും ഏറെ ദുരൂഹതകള്‍ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛന് ആരോപിച്ചു.
നെയ്യാറ്റിന്‍കരയില്‍ നിന്നും രാഖിയെ കൂടെക്കൂട്ടിയ അഖിലേഷ് യാത്രാ മധ്യേ വിവാഹം മുടക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണമെന്ന് രാഖിയോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റെ കാറില്‍ വീടിന് സമീപമെത്തിച്ചു. കാര്‍ നിര്‍ത്തിയശേഷം ഡ്രൈവിങ് സീറ്റില്‍ ഇരിക്കുകയായിരുന്ന അഖിലേഷ് രാഖിയുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന രാഹുല്‍ കയര്‍ കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ കുരുക്ക് മുറുകിയപ്പോള്‍ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അഖിലേഷ് എന്ജിന് ഇരപ്പിച്ചതിനാല്‍ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല.
നഗ്നയാക്കിയ നിലയില്‍ അഖിലേഷിന്റെ പറമ്പില്‍ മൃതദേഹം മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി. ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡല്‍ഹിയിലേക്ക് അഖിലേഷ് തിരികെ മടങ്ങിയതായും രാഹുല്‍ പൊലിസിന് മൊഴി നല്‍കിയതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."