കടല്‍ക്ഷോഭവും ശക്തം; കടലോരത്ത് നിയന്ത്രണം
കൊല്ലം: രണ്ട് ദിവസമായി കൊല്ലത്ത് പെയ്യുന്ന ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. രണ്ട് ദിവസമായി ശമനമില്ലാതെ പെയ്ത മഴയ്ക്ക് ഇന്നലെ ഉച്ചയോടെയാണ് നേരിയ ശമനമുണ്ടായത്. നഗരത്തിലെ പ്രധാനറോഡുകളും ഇടറോഡുകളും എല്ലാം വെള്ളക്കെട്ടിലായി. റോഡുകളില്‍ വെള്ളക്കെട്ടായത് കാല്‍നട യാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരേയും ഏറെ ബുദ്ധിമുട്ടിലാക്കി. ചിലയിടങ്ങളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
മഴ ശക്തിപ്രാപിച്ചതോടെ കടല്‍കയറ്റവും രൂക്ഷമായിരിക്കുകയാണ്. കാറ്റും കടല്‍ ക്ഷോഭവും കാരണം മല്‍സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോയില്ല. ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയവര്‍ക്ക് കാര്യമായി മത്സ്യം ലഭിച്ചതുമില്ല. കട്ടവള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്ന മേഖലകളായ പരവൂര്‍ പൊഴിക്കര ചില്ലയ്ക്കലിലും മയ്യനാട് മുക്കത്തും ഭൂരിഭാഗം തൊഴിലാളികളും ഇന്നലെ കടലില്‍ ഇറങ്ങിയില്ല. കൊല്ലം പരവൂര്‍ തീരദേശ റോഡില്‍ പലയിടത്തും കടല്‍ കയറ്റം അനുഭവപ്പെട്ടു. കൂറ്റന്‍ തിരമാലകള്‍ പലപ്പോഴും റോഡുകളിലേയ്ക്ക് വരെ ഇരച്ചുകയറി. കടല്‍ക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് കൊല്ലം ബീച്ചില്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബീച്ചില്‍ ഇറങ്ങി കടലില്‍ കുളിക്കുന്നതിനും തിരയില്‍ ഇറങ്ങുന്നതിനുമാണ് നിയന്ത്രണം. പ്രദേശത്ത് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വടം കെട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീരത്ത് എത്തുന്നവര്‍ക്ക് ലൈഫ് ഗാര്‍ഡുകളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ ശക്തമായ തിരമാലകളാണ് തീരത്തോട് അടിച്ചുകയറുന്നത്. മഴ കനത്തതിനാല്‍ ഇന്നലെ വൈകീട്ട് കൊല്ലം ബീച്ചില്‍ സന്ദര്‍ശകരുടെ തിരക്ക് കാര്യമായി അനുഭവപ്പെട്ടില്ല. കിഴക്കന്‍ മേഖലയിലും കാലവര്‍ഷത്തിന് സമാനമായ മഴയാണ് ഇന്നലെ ലഭിച്ചത്.
മഴ കനത്തതോടെ കുണ്ടറ കൊല്ലം റൂട്ടില്‍ വൈകുന്നേരത്തോടെ വന്‍ ഗതാഗത കുരുക്കാണ് ഉണ്ടായത്. ഗതാഗതം നിയന്ത്രിക്കാന്‍ പൊലിസും നന്നേ ബുദ്ധിമുട്ടി. ഇന്നലെ രാത്രിയോടെ ഇത്തിക്കരയാറ്റിലും പരവൂര്‍ കായലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. രാത്രി വൈകിയും ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്.
കുണ്ടറയില്‍ പ്രദേശത്തെ ഇടവഴികളും റോഡുകളും വെള്ളത്തിലായത് യാത്രക്കാരെ വിഷമത്തിലാക്കി. മണ്‍ട്രോതുരുത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇടവഴികള്‍ പലതും ഗതാഗതയോഗ്യമല്ലാതായി. കിഴക്കേ കല്ലടയിലും മൂന്നുമുക്കിലും റോഡുകള്‍ വെള്ളത്തിലായിട്ടുണ്ട്. ചിറ്റുമല ജങ്ഷനില്‍ ഓടകള്‍ കവിഞ്ഞൊഴുകിയതിനാല്‍ ബസ് സ്റ്റോപ്പിലും കടത്തിണ്ണകളിലും നില്‍ക്കാനാവാതായി.
ഇളമ്പള്ളൂര്‍ ക്ഷേത്രത്തിന്റെ കവാടം മുതല്‍ വെയിറ്റിങ് ഷെഡുവരെയുള്ള റോഡില്‍ മണിക്കൂറുകളോളം വെള്ളം കെട്ടി നിന്നത് ഗതാഗത തടസം സൃഷ്ടിച്ചു. കുണ്ടറ പള്ളിമുക്ക്, ആശുപത്രിമുക്ക്, മുക്കട ജങ്്ഷനുകളില്‍ ഓടകള്‍ മാലിന്യം കൊണ്ട് അടഞ്ഞുകിടന്നതിനാല്‍ വെള്ളം റോഡിലേക്കൊഴുകി റോഡുകള്‍ മാലിന്യക്കൂമ്പാരമായി. പനയം, അഞ്ചാലുംമൂട്, തൃക്കരുവ പ്രദേശങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."