കുത്ത് തൊഴുത്തില്‍നിന്നു തന്നെ
സ്വന്തം ലേഖകന്‍
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്റര്‍ പതിച്ച കേസില്‍ രï് എ.ഐ.വൈ.എഫ് നേതാക്കള്‍ അറസ്റ്റില്‍. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗം കെ.യു ജയേഷ്, മണ്ഡലം കമ്മിറ്റിയംഗം ഷിജു എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ കിസാന്‍സഭ നേതാവ് കൃഷ്ണകുമാര്‍ ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു. കാനത്തെ മാറ്റി പാര്‍ട്ടിയെ രക്ഷിക്കണമെന്ന പോസ്റ്റര്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫിസായ ടി.വി സ്മാരകത്തിലും വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്ക് മുന്നിലും ഒട്ടിച്ച കേസിലാണ് പാര്‍ട്ടി യുവജന സംഘടന നേതാക്കള്‍ അറസ്റ്റിലായത്.
കാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റര്‍ പതിച്ചതിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് മുഖ്യമന്ത്രിക്കും ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രവര്‍ത്തകര്‍ കുടുങ്ങിയത്. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് സംഭവസമയത്ത് ദൃശ്യങ്ങളില്‍ പതിഞ്ഞ കാര്‍ ആദ്യം കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ സ്വദേശി വാടകയ്ക്ക് നല്‍കിയതാണ് കാറെന്ന് വ്യക്തമായതോടെ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു. എറണാകുളത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവിനേയും മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രാഹമിനേയും പൊലിസ് മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൗനവും പിന്നീട് നടത്തിയ പ്രസ്താവനയുമാണ് സി.പി.ഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്.
സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നില്‍ 'തിരുത്തല്‍വാദികള്‍ സി.പി.ഐ അമ്പലപ്പുഴ' എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എല്‍ദോ എബ്രഹാം എം.എല്‍.എക്കും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും പോസ്റ്ററില്‍ അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും കുറിച്ചിരുന്നു. പോസ്റ്ററിന് പിന്നില്‍ സി.പി.ഐക്കാര്‍ അല്ലെന്നായിരുന്നു ആഞ്ചലോസും മന്ത്രി പി. തിലോത്തമനും സംഭവത്തിന് പിന്നാലെ പ്രതികരിച്ചത്. സി.പി.ഐക്കാര്‍ അങ്ങനെ ചെയ്യില്ലെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചിരുന്നു. കേസില്‍ പ്രതികളായ മൂവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ ജയന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."