കസ്റ്റഡി മരണം: രാജ്കുമാറിന്റെ റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
തൊടുപുഴ: പൊലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയായി മരിച്ച രാജ്കുമാറിന്റെ റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോലാഹലമേട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നിന്ന് ഇന്ന് രാവിലെ പത്തോടെ ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ മേല്‍നോട്ടത്തില്‍ മൃതദേഹം പുറത്തെടുക്കും. രാജ്കുമാറിന്റെ ഭാര്യയടക്കമുള്ള അടുത്ത ബന്ധുക്കള്‍, പള്ളി വികാരി, ഇടുക്കി ആര്‍.ഡി.ഒ, ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിവരുടെ സാന്നിധ്യമുണ്ടാകും.
ആദ്യം രാജ്കുമാറിനെ സംസ്‌കരിച്ച സ്ഥലം വൈദികന്‍ ചൂണ്ടിക്കാണിക്കും. തുടര്‍ന്ന് പുറത്തെടുക്കുന്ന മൃതദേഹം രാജ്കുമാറിന്റേത് തന്നെയാണെന്ന് ബന്ധുക്കള്‍ ഉറപ്പ് വരുത്തണം.
ബന്ധുക്കളും സയന്റിഫിക് വിദഗ്ധരും മൃതദേഹം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം കഴിയുമെങ്കില്‍ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും. ഇതിന് സാധിക്കുന്നില്ലെങ്കില്‍ സമീപത്ത് തന്നെ സജ്ജീകരണം ഒരുക്കി ആന്തരിക അവയവങ്ങള്‍ അടക്കമുള്ളവയുടെ കിട്ടാവുന്ന സാംപിളുകള്‍ ശേഖരിക്കാനാണ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മുഴുവന്‍ വിഡിയോയില്‍ ചിത്രീകരിക്കും.
മൃതദേഹത്തിന്റെ മുഴുവന്‍ എക്‌സ്‌റേയെടുക്കും. പ്രധാനമായും മരണകാരണം ന്യൂമോണിയ തന്നെയാണോയെന്ന് സ്ഥിരീകരിക്കും. സീനിയര്‍ പൊലിസ് സര്‍ജന്‍മാരായ പി.ബി ഗുജറാള്‍, കെ. പ്രസന്നന്‍, ഡോ. എന്‍.കെ ഉമേഷ് എന്നിവരാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."