ഹജ്ജ്: സുരക്ഷാ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി
മക്ക: ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ഏതാനും ദവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുരക്ഷാ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. പുണ്യനഗരിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് 30,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 17,000 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും 3,000 യന്ത്രവല്‍കൃത വാഹനങ്ങളും ഇതിനായി സജ്ജീകരിച്ചതായി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടര്‍ സുലൈമാന്‍ അല്‍ ഉമര്‍ വ്യക്തമാക്കി. ഇവരെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വിന്യസിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിവില്‍ ഡിഫന്‍സിനു പുറമെ പൊലിസ്, അര്‍ധസൈനിക വിഭാഗം, ഹജ്ജ് സ്‌പെഷല്‍ സേന തുടങ്ങിയ വിഭാങ്ങളടങ്ങുന്നതാണ് ഹജ്ജ് സുരക്ഷാ സൈന്യം. ഹജ്ജ് ദിനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ മക്കയില്‍ സുരക്ഷാ പരേഡും സംഘടിപ്പിക്കും. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ 13,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരും ഹജ്ജ് സുരക്ഷയില്‍ പങ്കാളികളാകും. ഇതിനുപുറമെ, അടിയന്തര ഘട്ടങ്ങളില്‍ വേണ്ട സഹായങ്ങള്‍ക്കായി സഊദി റെഡ് ക്രസന്റും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. റെഡ് ക്രസന്റിനു കീഴില്‍ 125 ആംബുലന്‍സ് 2,700 ഉദ്യോഗസ്ഥരും തയാറായതായി സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മക്ക, മശാഇര്‍ എന്നിവിടങ്ങളിലാണ് ഇത്രയുമധികം ഉദ്യോഗസ്ഥരെയും ആംബുലന്‍സ് സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 36 എണ്ണം സ്ഥിരം കേന്ദ്രങ്ങളും 89 എണ്ണം താല്‍ക്കാലിക കേന്ദ്രങ്ങളുമാണ്. അതിനൂതന സംവിധാനങ്ങളോടെയുള്ള 370 ആംബുലന്‍സുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഹറമിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരം ആംബുലന്‍സ് സര്‍വിസ് കേന്ദ്രങ്ങള്‍ക്ക് പുറമെ 11 ആംബുലന്‍സ് കേന്ദ്രങ്ങളും മിന, ജംറകള്‍ എന്നിവയ്ക്കടുത്തായി 34 ആംബുലന്‍സ് കേന്ദ്രങ്ങളിലായി 113 ആംബുലന്‍സുകളും 547 ജോലിക്കാരും സേവനത്തിനുണ്ടാകും. അറഫയിലും മുസ്ദലിഫയിലുമായി 32 താല്‍ക്കാലിക കേന്ദ്രങ്ങളിലായി 92 ആംബുലന്‍സുകളും 347 ജോലിക്കാരുമുണ്ടാകുമെന്നും സഊദി റെഡ് ക്രസന്റ് അറിയിച്ചു. കനത്ത ചൂടാണ് അനുഭവപ്പെടുന്നതെന്നതിനാല്‍ അപകടങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ അടിയന്തര സംവിധാനങ്ങളില്‍ പ്രത്യേകം ശ്രദ്ധകൊടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."