ക്വാറികള്‍ തുറക്കാന്‍ കലക്ടറുടെ അനുമതി
കല്‍പ്പറ്റ: പ്രകൃതി ദുരന്തങ്ങളുണ്ടായ സാഹചര്യത്തില്‍ പ്രവര്‍ത്തനം നിറുത്തിയ ക്വാറികള്‍ക്ക് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പ്രവര്‍ത്തനാനുമതി നല്‍കി. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്ന പദവി പ്രകാരമാണ് കലക്ടറുടെ ഉത്തരവ്.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വയനാട് കലക്ടറുടെ താല്‍ക്കാലിക ചുമതല വഹിച്ച കേശവേന്ദ്രകുമാറാണ് ഓഗസ്റ്റില്‍ ജില്ലയിലെ എല്ലാ ക്വാറികള്‍ക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഈ ഉത്തരവ് ഇറങ്ങുന്ന സമയത്ത് പ്രവര്‍ത്തിച്ചിരുന്നവയില്‍ രണ്ട് ക്വാറികള്‍ ഒഴികെയുള്ളവക്ക് പ്രവര്‍ത്തിക്കാമെന്നാണ് ഇന്നലെ കലക്ടര്‍ പുതിയതായി ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
വെള്ളമുണ്ടയിലെ അത്താണി ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ്, സെന്റ് മേരീസ് ഗ്രാനൈറ്റ് പ്രോഡക്ട്‌സ് എന്നിവക്ക് പ്രവര്‍ത്തനാനുമതിയില്ല.
പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം, ക്വാറികളുടെ പ്രവര്‍ത്തനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അടിയന്തര പഠന റിപ്പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ ജിയോളജിക്കല്‍ സര്‍േവ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ റിപ്പോര്‍ട്ടില്‍ ജില്ലയിലെ ആറ് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ മണ്ണിടിച്ചിലിനോ മറ്റ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നില്ലെന്നാണ് സൂചിപ്പിച്ചിരുന്നത്.
അതേ സമയം അത്താണി ക്വാറി, സെന്റ് മേരീസ് ഗ്രാനൈറ്റ് പ്രോഡക്ട്‌സ് എന്നിവയുടെ പരിസരങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഇവക്ക് വിലക്ക് തുടരുന്നത്. പ്രളയാന്തരമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ക്കാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കാന്‍ ക്വാറി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
പ്രവര്‍ത്തിപ്പിക്കുന്ന ക്വാറികളില്‍ നിന്ന് 25 ശതമാനം വീതം ഉല്‍പ്പന്നങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്കും പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ന്യായ വിലക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
24 മണിക്കൂറിനുള്ളില്‍ 64.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."