നോട്ട് അസാധുവാക്കല്‍ തിരിച്ചടിച്ചു; ആഭ്യന്തര വളര്‍ച്ചാനിരക്ക് കുറഞ്ഞു
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായെന്നു തെളിയിച്ച് സാമ്പത്തിക വളര്‍ച്ചാ നിരക്ക് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തില്‍ രാജ്യത്തിന്റെ ആഭ്യന്തരവളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തി.
നാലാം പാദത്തിലെ(ജനുവരി-മാര്‍ച്ച്) ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 6.1 ശതമാനമാണ്. മൂന്നാം പാദത്തില്‍ 7 ശതമാനമായിരുന്നു വളര്‍ച്ച.
എന്നാല്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനത്തില് (2016-2017 സാമ്പത്തിക വര്‍ഷം) 7.1 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു. 2015-16 വര്‍ഷത്തില്‍ ഇത് 8 ശതമാനമായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ എറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കിലാണ് ഇപ്പോള്‍ രാജ്യം.
മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ നയങ്ങള്‍ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായെന്നാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നോട്ടുനിരോധനം രാജ്യത്തെ ഉല്പാദന, നിര്‍മാണ, വ്യാപാര മേഖലകളില്‍ ഉണ്ടാക്കിയ മാന്ദ്യമാണ് ആഭ്യന്തര വളര്‍ച്ചാനിരക്കിലും പ്രതിഫലിച്ചിട്ടുള്ളത്.
ചൈനയുടെ മൊത്തം സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമാണ്. ഇതോടെ ഇന്ത്യയെ പിന്നിലാക്കി ചൈന ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമെന്ന ബഹുമതി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."