വിനോദസഞ്ചാര വികസനം: ബാണാസുരസാഗറില്‍ ഹൈഡല്‍ ടൂറിസം സബ് സെന്റര്‍ തുടങ്ങുന്നു
പടിഞ്ഞാറത്തറ: വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി ഹൈഡല്‍ ടൂറിസം സബ്‌സെന്റര്‍ ആരംഭിക്കും.
കയാക്കിങ് ഉള്‍പ്പെടെ വാട്ടര്‍ സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന സൗകര്യങ്ങളോടെ സബ്‌സെന്റര്‍ മൂന്ന് മാസത്തിനകം യാഥാര്‍ത്യമാക്കാനാണ് നീക്കമെന്ന് ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പ്രൊജക്ട് സ്‌പെഷല്‍ ഓഫിസറുമായ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.ആര്‍ ബോസന്‍ലാല്‍ പറഞ്ഞു.
2006ല്‍ ആരംഭിച്ച ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം സെന്റര്‍ ജില്ലയിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണ്.
പ്രളയത്തിനും നിപാ വൈറസ് ബാധക്കും മുന്‍പ് ഉത്സവകാലങ്ങളിലെ സന്ദര്‍ശക ബാഹുല്യമാണ് സബ് സെന്ററിനെക്കുറിച്ചുള്ള ആലോചനക്ക് കാരണമായത്. നിലവില്‍ ബാണാസുര സാഗറില്‍ സഞ്ചാരികളുടെ തിരക്കില്ല.
ശനി, ഞായര്‍ ദിവസങ്ങളില്‍ ശരാശരി ആയിരവും മറ്റു ദിവസങ്ങളില്‍ പരമാവധി നാനൂറും സന്ദര്‍ശകരാണ് എത്തുന്നത്.
ഈ അവസ്ഥ മാസങ്ങള്‍ക്കുള്ളില്‍ മാറുമെന്നും സഞ്ചാരികളുടെ ഒഴുക്ക് പഴയതു പോലാകുമെന്നുമാണ് സെന്റര്‍ അധികൃതരുടെ പ്രതീക്ഷ.ഉത്സവകാലങ്ങളില്‍ ദിവസവും രണ്ടായിരത്തിലധികം ആളുകളാണ് സെന്ററില്‍ എത്തിയിരുന്നത്.
നിപാ, പ്രളയ പ്രശ്‌നങ്ങളെത്തുടര്‍ന്നു സെന്ററിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഏകദേശം 65 ശതമാനം കുറവുണ്ടായതായി സ്‌പെഷല്‍ ഓഫിസര്‍ പറഞ്ഞു.
സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന ഹൈഡല്‍ ടൂറിസം സെന്ററില്‍ ബോട്ടിങും പുതുതായി ആരംഭിച്ച സിപ്‌ലൈനും മുഖ്യ ആകര്‍ഷണമാണ്.
ഏഴ് മോട്ടോര്‍ ബോട്ടുകളാണ് സെന്ററിലുള്ളത് ഒരേ സമയം 20 പേരെ കയറ്റാന്‍ ശേഷിയുള്ളതാണ് ബോട്ടുകളില്‍ ഒന്ന്. അഞ്ചെണ്ണം അഞ്ച് സീറ്റുകളുള്ള സ്പീഡ് ബോട്ടുകളാണ്.
സഞ്ചാരികളെ ത്രസിപ്പിക്കുന്നതാണ് റിസര്‍വോയറിലൂടെയുള്ള ബോട്ട് യാത്ര. 1277 ഹെക്ടറാണ് ബാണാസുര അണയുടെ വാട്ടര്‍ സ്‌പ്രെഡ് ഏരിയ. ഇതിന്റെ കണ്ണായ ഭാഗത്താണ് ബോട്ടിങ്.
അഡ്വഞ്ചര്‍ ടൂറിസം സംരംഭകരായ മഡി ബൂട്‌സ് വെക്കേഷന്‍സാണ് സെന്ററില്‍ 15 ലക്ഷം രൂപ ചെലവില്‍ അടുത്തിടെ സിപ്‌ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.
400 മീറ്റര്‍ നീളമുള്ളതാണ് സിപ്‌ലൈന്‍. 300 രൂപയാണ് സിപ്‌ലൈന്‍ ഫീസ്. ദിവസം 40 വരെ സഞ്ചാരികള്‍ സിപ്‌ലൈന്‍ യാത്ര ആസ്വദിക്കുന്നുണ്ടെന്ന് മഡി ബൂട്‌സ് ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."