കേന്ദ്ര വിജ്ഞാപനത്തിനെതിരേ സി.പി.എം
ന്യൂഡല്‍ഹി: കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനത്തിനെതിരേ രൂക്ഷ എതിര്‍പ്പുമായി സി.പി.എം. സംസ്ഥാനങ്ങളുടെ ചുമതലയില്‍ വരുന്ന കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കന്നുകാലികളെ അറക്കുന്നത് നിരോധിക്കുന്നതും ഇളവുവരുത്തുന്നതും സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴില്‍ വരുന്ന നിയമമാണ്. അതില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അവകാശമില്ല. ഈ വിഷയത്തില്‍ കേന്ദ്രം കൊണ്ടുവന്ന വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണ്. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ സര്‍ക്കാരിനെതിരേ തയാറാക്കിയ കുറ്റപത്രമടങ്ങിയ ലഘുലേഖയും അദ്ദേഹം പ്രകാശനംചെയ്തു. ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു. ബി.ജെ.പി വാഗ്ദാനംചെയ്ത തൊഴിലുകള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു. രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ വര്‍ധിച്ചു.
നാണംകെടുത്തുന്ന വിദേശനയമാണ് സര്‍ക്കാരിനുള്ളത്. സര്‍ക്കാര്‍ കോര്‍പറേറ്റുകളെ സഹായിക്കുകയും പാവപ്പെട്ടവരെ കൊള്ളയടിക്കുകയും ചെയ്യുകയാണ്. വിപണി വിലനിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."