തലസ്ഥാന നഗരം വികസനക്കുതിപ്പിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാന്‍ ഒരു വര്‍ഷത്തിനുള്ളില്‍
തിരുവനന്തപുരം: തലസ്ഥാന നഗരം വികസനക്കുതിപ്പിലേക്ക്. പുതിയ മാസ്റ്റര്‍പ്ലാന്‍ ഒരുവര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. പ്രാഥമിക ഘട്ടമായ ഭൂവിനിയോഗ, സാമൂഹിക സാമ്പത്തിക സര്‍വേ നടപടികള്‍ ഏകോപിപ്പിക്കാന്‍ പത്തംഗ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു. സര്‍വേ നടത്താനുള്ള ചോദ്യാവലി തയാറായി.
സര്‍വേയര്‍മാരെ ഉടന്‍ നിയമിക്കും. നൂറുവാര്‍ഡുകളിലും നേരിട്ടെത്തിയും അല്ലാതെയും വിവരശേഖരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒരുവാര്‍ഡിലെ 250 വീടുകളില്‍ നേരിട്ട് എത്തി സര്‍വേ നടത്തും. ഇത്തരത്തില്‍ 25,000 വീടുകളിലാണ് സാമ്പിള്‍ സര്‍വേ നടത്തുന്നത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ മന്ത്രി എ.സി മൊയ്തീന്‍ സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിക്കും. കഴിഞ്ഞ മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് ഏറെ പരാതികളുയര്‍ന്ന കാട്ടായിക്കോണം, ആറ്റിപ്ര, കഴക്കൂട്ടം പ്രദേശത്തു നിന്നും സര്‍വേ ആരംഭിക്കാനാണ് തീരുമാനം. നാഷണല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാരാണ് സര്‍വേ നടത്തുന്നത്. അടുത്ത ഒക്ടോബര്‍ 19ന് മുന്‍പ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടു വര്‍ഷം മുമ്പേ പുതിയ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെങ്കിലും ഹൈദരാബാദിലെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററില്‍ നിന്ന് ഉപഗ്രഹഭൂപടം ലഭിക്കാന്‍ വൈകിയത് കാര്യങ്ങളെ മന്ദഗതിയിലാക്കി.
വിവരശേഖരം ഈ മാസം തന്നെ പൂര്‍ത്തിയാക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്യും. ജനുവരിയില്‍ വികസന കാഴ്ചപ്പാടുകള്‍ രൂപീകരിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മേഖല തിരിച്ചുള്ള വികസന പദ്ധതി തയാറാക്കും.
ഓഗസ്റ്റില്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സെമിനാര്‍ നടത്തും. സെപ്റ്റംബറില്‍ കരട് പ്ലാന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിക്കും. ഒക്ടോബര്‍ 19ന് സര്‍ക്കാരിന് സമര്‍പ്പിക്കാനുമാണ് നിലവില്‍ ലക്ഷ്യമിടുന്നത്. നൂതന സംവിധാനമായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ (ജി.ഐ.എസ്) സഹായത്തോടെയാണ് പ്ലാന്‍ തയാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."