ശ്രീനഗറില്‍ നിരോധനാജ്ഞ; കശ്മീരി നേതാക്കള്‍ കൂട്ടത്തോടെ വീട്ടുതടങ്കലില്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് തടയിട്ടു
ശ്രീനഗര്‍: ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ജമ്മുകശ്മീര്‍ നേതാക്കളെ കൂട്ടമായി വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ശ്രീഗനര്‍ ജില്ലയുടെ പരിധിയില്‍ ഇന്നലെ അര്‍ധരാത്രി 12 മണി മുതല്‍ നിരോധനാജ്ഞ നിലവില്‍വന്നതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഇതുപ്രകാരം തിങ്കളാഴ്ച മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോ സര്‍ക്കാര്‍ ഓഫിസോ തുറന്നുപ്രവര്‍ത്തിക്കില്ല.
മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മഹ്ബൂബാ മുഫ്തി, മുതിര്‍ന്ന സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ എന്നിവരെയാണ് അര്‍ധരാത്രിയോടെ വീട്ടുതടങ്കലിലാക്കിയത്.
I believe I’m being placed under house arrest from midnight tonight & the process has already started for other mainstream leaders. No way of knowing if this is true but if it is then I’ll see all of you on the other side of whatever is in store. Allah save us ??
— Omar Abdullah (@OmarAbdullah) August 4, 2019
സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടയുകയും താന്‍ വീട്ടുതടങ്കലിലാവാന്‍ പോവുകയാണെന്ന് ഉമര്‍ അബ്ദുല്ല ട്വിറ്ററിലൂടെ പറയുകയും ചെയ്തതിന് പിന്നാലെ ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തത്. അല്ലാഹുവേ ഞങ്ങളെ രക്ഷിക്കണേ... എന്ന് അവസാനിക്കുന്ന വിധത്തില്‍ വൈകാരികമായ ഭാഷയിലായിരുന്നു ഉമറിന്റെ ട്വീറ്റ്. പിന്നാലെ സമാന അര്‍ത്ഥം വരുന്ന ട്വീറ്റ് മഹ്ബൂബയും കുറിച്ചു.
അതേസമയം കശ്മിരില്‍ ഇന്ത്യ ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്. നേരത്തെ അതിര്‍ത്തിയിലേക്കു നുഴഞ്ഞുകയറുന്നതിനിടെ കൊല്ലപ്പെട്ട അഞ്ചുപേരുടെ മൃതദേഹങ്ങള്‍ വെളുത്ത പതാകയുമായി വന്ന് കൊണ്ടുപോകൂവെന്ന് പാകിസ്താനോട് ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ആക്രമിക്കാനുള്ള ഉദ്ദേശമില്ലാതെ വെളുത്ത പതാകകളുമായി വന്നാല്‍ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ തിരികെക്കൊണ്ടുപോകാമെന്നാണ് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ജമ്മു കശ്മീരിലെ കേരാന്‍ സെക്ടറില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലിലാണ് പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ (ബാറ്റ്) അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടത്. നുഴഞ്ഞുകയറ്റക്കാര്‍ കേരാനിലെ ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിക്കാന്‍ ശ്രമിച്ചതായി ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.
പാക് സൈന്യത്തിന്റെയും തീവ്രവാദികളുടെയും സംയുക്ത ഒളിപ്പോര്‍ സംഘമാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീം. കാട്ടില്‍ മരിച്ചു കിടക്കുന്ന ബാറ്റ് സംഘത്തില്‍പെട്ട തീവ്രവാദികളുടെ ചിത്രങ്ങള്‍ ഇന്നലെ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടിരുന്നു. വേഷം മാറിയും അല്ലാതെയും നിയന്ത്രണരേഖയ്ക്ക് സമീപം ആക്രമിക്കാനാണ് ബാറ്റ് സംഘത്തെ നിയോഗിക്കാറുള്ളത്. അതേസമയം, ഒരു നുഴഞ്ഞുകയറ്റവും പാകിസ്ഥാന്‍ നടത്തിയിട്ടില്ലെന്നാണ് പാക് കരസേനാവക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."