സുബൈദ വധം: രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം
കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ കണ്ടെത്താനാകാതെ പൊലിസ് വട്ടം കറങ്ങുന്നു. കേസിലെ മുഖ്യപ്രതിയായ സുള്ള്യ അജ്ജാവര ഗുളുമ്പ ഹൗസിലെ അസീസാണ് പൊലിസിനെ വെട്ടിച്ചുകടന്നു കളഞ്ഞത്. സുബൈദയെ കൊലപ്പെടുത്തിയ കേസില്‍ സംഭവം നടന്നു രണ്ടാഴ്ചക്കകം അന്വേഷണ സംഘം മൈസൂര്‍ മടിക്കേരി പാതക്കരികിലെ കാട്ടില്‍നിന്ന് അതിസാഹസികമായി പിടികൂടിയ പ്രതിയാണ് അസീസ്. രണ്ടാഴ്ച മുമ്പ് മറ്റൊരു കേസില്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം സുള്ള്യ കോടതിയിലേക്കുകൊണ്ടു പോകുന്നതിനിടെയാണ് അസീസ് പൊലിസുകാരെ വെട്ടിച്ചു സുള്ള്യ ബസ് സ്റ്റാന്‍ഡില്‍നിന്നു കടന്നുകളഞ്ഞത്. സുബൈദ വധക്കേസില്‍ ഇയാളെ പിടികൂടുമ്പോള്‍ അന്വേഷണ സംഘത്തിലെ പൊലിസുകാരെ പ്രതി അക്രമിച്ചതിനെ തുടര്‍ന്ന് പൊലിസ് സംഘം പത്തു മിനുട്ടോളം കായികമായി നേരിട്ടാണ് ഇയാളെ കീഴ്‌പെടുത്തിയത്.
എന്നാല്‍ കര്‍ണാടകയിലും കേരളത്തിലും കവര്‍ച്ചാകേസുകള്‍ ഉള്‍പ്പെടെ ഒട്ടനവധി കേസുകളില്‍ പ്രതിയായ അസീസിനെ സുബൈദ വധക്കേസില്‍ അതിസാഹസികമായി പിടികൂടിയ സംഭവം മുന്നിലുണ്ടായിട്ടും സുള്ള്യ കോടതിയില്‍ ഹാജരാക്കാന്‍ പൊലിസ് ഏര്‍പ്പെടുത്തിയത് രണ്ടു പൊലിസുകാരെയാണ്. സാധാരണ കളവ് കേസിലെയോ മറ്റു കേസുകളിലെയോ പ്രതികളെ കൊണ്ടുപോകുന്ന ലാഘവത്തോടെ ലൈന്‍ ബസിലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂരില്‍നിന്നു സുള്ള്യയിലേക്കു കൊണ്ടുപോയത്. ഇതുപൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് സംഭവ ദിവസം തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
അസീസ് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് എസ്‌കോര്‍ട്ട് പോയ രണ്ടു പൊലിസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു ജില്ലാ പൊലിസ് മേധാവി ഉത്തരവിറക്കുകയും ചെയ്തു.
അതേസമയം, സുബൈദ വധക്കേസില്‍ മാസങ്ങള്‍ക്കു മുമ്പ് ഇയാളെ പിന്തുടര്‍ന്നുപിടികൂടാന്‍ പോയ പൊലിസ് സംഘത്തെയാണ് പ്രതി കായികമായി തനിയെ നേരിട്ടതെന്ന കാര്യം പൊലിസ് പൊടുന്നനെ മറക്കുകയും ചെയ്തു. വനത്തില്‍ അഭയം തേടിയിരുന്ന പ്രതിയെ വളരെ കൃത്യമായി പിന്തുടര്‍ന്ന് പിടികൂടിയ കാസര്‍കോട്ടെ പൊലിസ് സംഘത്തിന് അന്ന് സുള്ള്യ പൊലിസിന്റെ ബിഗ് സല്യൂട്ട് ലഭിച്ചിരുന്നു. കര്‍ണാടകയില്‍ നടത്തിയ ഒട്ടനവധി കൃത്യങ്ങളില്‍ ഇയാള്‍ പൊലിസ് പിടിയിലാവുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു വര്‍ഷങ്ങളായി ഇയാള്‍ക്കുവേണ്ടി കര്‍ണാടക പൊലിസ് വലവിരിച്ചിരുന്നെങ്കിലും മുങ്ങി നടക്കുന്നതിനിടയിലാണ് ഈവര്‍ഷം ജനുവരി 19 നു ചെക്കിപ്പള്ളത്തെ സുബൈദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്ന് രണ്ടാഴ്ചക്കകം അന്വേഷണ സംഘം ഇയാളെ പിടികൂടിയതും. പ്രതി രക്ഷപ്പെട്ടത് കര്‍ണാടകയില്‍ നിന്നായതിനാല്‍ തങ്ങള്‍ക്കു കൂടുതല്‍ ചെയ്യാനില്ലെന്ന വാദമാണ് ജില്ലാ പൊലിസ് മേധാവി ഉള്‍പ്പെടെ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."