അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കണം: കടകംപള്ളി മനോജ്
കൊല്ലം: അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കാന്‍ മന്ത്രി മേഴ്സിക്കുട്ടി അമ്മ തയാറാകണമെന്ന് ഐ.എന്‍.ടി.യു.സി മുന്‍ ജില്ലാ സെക്രട്ടറി കടകംപള്ളി മനോജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടഞ്ഞുകിടന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ഫാക്ടറികള്‍ തുറക്കുന്നതുവരെ സൗജന്യ റേഷന്‍ നല്കാന് ഉത്തരവിറക്കിയത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉത്തരവ് നടപ്പായിരുന്നില്ല. ഇപ്പോഴത്തെ സര്‍ക്കാരും മന്ത്രി മേഴ്സിക്കുട്ടി അമ്മയും ഇങ്ങനെ ഒരു ഉത്തരവില്ലെന്നാണ് പറഞ്ഞിരുന്നത്. കോര്പറേഷന് ഫാക്ടറികള്‍ 2015-16 കാലയളവില്‍ അടഞ്ഞുകിടന്നതു മൂലം തൊഴിലാളികള്‍ക്ക് 2500 രൂപ സഹായധനം അനുവദിക്കാനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. എന്നാല്‍ ഈ തുക ഇപ്പോള്‍ വിതരണം ചെയ്തിട്ടുണ്ട്. ജില്ലയിലെ കാഷ്യൂ കോര്‍പറേഷന്റെ 24 ഫാക്ടറികളിലായി 9002 തൊഴിലാളികള്‍ക്കായി 2.25 കോടി രൂപ കലക്ടര്‍ കോര്പറേഷന് നല്‍കുകയും ചെയ്തു. 2015-16ലെ തൊഴിലാളികളുടെ എണ്ണം പറഞ്ഞാണ് കോര്പറേഷന് ഇത്രയും തുക വാങ്ങിയിരിക്കുന്നത്. ഈ കാലയളവില്‍ പെന്ഷന് പറ്റിയ രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് സഹായധനം കോര്പറേഷന് നല്‍കിയിട്ടില്ല.
ഇവരുടെ പേരുകള്‍ നല്‍കിയും കൂടിയാണ് സര്‍ക്കാരില്‍നിന്നും പണം വാങ്ങിയിരിക്കുന്നത്. തോട്ടണ്ടി ഇടപാടില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ മറുപടിയായി ചെയര്മാന് എസ്. ജയമോഹനന് കാഷ്യു കോര്‍പറേഷനില്‍ ഏപ്രിലില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ലെന്നും മനോജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."