ആശങ്കയോടെ ജില്ലയിലെ പ്ലസ്‌വണ്‍ അപേക്ഷകര്‍
മലപ്പുറം: സി.ബി.എസ്.ഇ പത്താംക്ലാസ് ഫലംകൂടി പുറത്തുവന്നതോടെ ആശങ്ക വിട്ടുമാറാതെ ജില്ലയിലെ പ്ലസ് വണ്‍ അപേക്ഷകര്‍. സംസ്ഥാന സിലബസില്‍ പഠനം പൂര്‍ത്തിയാക്കിയവരേക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ അപേക്ഷകളാണ് ആഴ്ചകള്‍ക്കുമുമ്പേ ജില്ലയില്‍ ലഭിച്ചത്. ഇവരെ കൂടാതെ സി.ബി.എസ്.ഇ പത്താംക്ലാസ് ജയിച്ചവര്‍കൂടി അപേക്ഷിക്കുന്നതോടെ ഉന്നത ഗ്രേഡ് ലഭിച്ചവര്‍ക്കുപോലും ഇഷ്ട കോഴ്‌സ് ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നാണ് ആശങ്ക. സി.ബി.എസ്.ഇ വിദ്യാര്‍ഥികളെ പരിഗണിക്കുന്നതിനായി ആറിന് വൈകീട്ട് അഞ്ചുവരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നത് ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
പുനര്‍മൂല്യനിര്‍ണയ ഫലം പുറത്തുവരുന്നതിനുമുമ്പ് ജില്ലയില്‍ 76,985 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പുനര്‍ മൂല്യനിര്‍ണയത്തിലൂടെ ഫലം മെച്ചപ്പെടുത്തിയ വിദ്യാര്‍ഥികളെ കൂടാതെ സി.ബി.എസ്.ഇ, ഐസി.ഐ.സി സിലബസുകളില്‍ ഉപരി പഠന യോഗ്യത നേടിയവരും അപേക്ഷിക്കാനുണ്ട്. ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 60646 സീറ്റുകളാണുള്ളത്. ഇതില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പോര്‍ട്‌സ് ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട സംവരണം എന്നി വിഭാഗങ്ങളിലായി 49,260 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് ജില്ലിയിലുള്ളത്. ഇതിലേക്ക് ഇന്നലെ വരെ 81,224 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് കുട്ടികള്‍ ഇനിയും അപേക്ഷിക്കാനുണ്ട്. മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് 11386 സീറ്റുകള്‍ അണ്‍ എയ്ഡഡ് മേഖലയിലുണ്ട്. ഇതിലും അവസരം കിട്ടാത്തവര്‍ സ്‌കോള്‍ കേരളയെ(ഓപ്പണ്‍ സ്്കൂള്‍) ആശ്രയിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."