അജ്മലിന് ആത്മവിശ്വാസത്തോടെ പരിശീലനം തുടരാം; ലോകകപ്പ് മോഹത്തിന് പണം തടസമാകില്ല
കോഴിക്കോട്: അജ്മലിന്റെ ലോകകപ്പ് മോഹത്തിന് പണം തടസമാകില്ല. താരത്തിന് ഇനി അനന്തപൂരിലെ ഇന്ത്യന്‍ ക്യാംപില്‍ ആത്മവിശ്വാസത്തോടെ പരിശീലനം തുടരാം. അടുത്ത മാസം ഏഴിന് കാനഡയില്‍ നടക്കുന്ന ലോക സീനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടും സാമ്പത്തിക പ്രയാസത്തില്‍ ലോകകപ്പ് മോഹം നഷ്ടമാകുമെന്ന് ഭയന്ന താരത്തിന് പിന്തുണയുമായി സ്‌പോര്‍ട്‌സ് നിര്‍മാണ സ്ഥാപനമായ കോസ്‌മോസ് സ്‌പോര്‍ട്‌സ് രംഗത്തെത്തി.
പി.പി അജ്മലിന് ഒരു ലക്ഷം രൂപയുടെ സഹായം നല്‍കുമെന്ന് കോസ്‌മോസ് സ്‌പോര്‍ട്‌സ് കോ-ചെയര്‍മാന്‍ എ.കെ ഫൈസല്‍ ദുബൈയില്‍ അറിയിച്ചു. അജ്മലിന്റെ പ്രയാസം മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും ലോകകപ്പ് പോലെ വലിയ ചാംപ്യന്‍ഷിപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ സാമ്പത്തിക പ്രയാസത്തില്‍ ഒരു താരത്തിന് അവസരം നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് അജ്മലിന്റേത്. കടം വാങ്ങിയാണ് അദ്ദേഹം ആന്ധ്രയിലെ അനന്തപൂരില്‍ പരിശീലനത്തിന് പോയിരിക്കുന്നത്. 13 വരെയാണ് ക്യാംപ്. അതിന് മുന്‍പായി ഇന്ത്യന്‍ സോഫ്റ്റ് ബോള്‍ ഫെഡറേഷന് പണം കൈമാറണം. അജ്മല്‍ ഇപ്പോള്‍ തേവര എസ്.എച്ച് കോളജില്‍ എം.എ സോഷ്യോളജി വിദ്യാര്‍ഥിയാണ്. കോട്ടയത്ത് നടന്ന ദേശീയ അന്തര്‍ സര്‍വകലാശാല സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ എം.ജി ടീമിന് വേണ്ടി കളിച്ച അജ്മല്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രധാന ഹിറ്റര്‍, സെന്റര്‍ ഫീല്‍ഡര്‍ എന്നി പൊസിഷനുകളിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ടീമിന് വേണ്ടി ആറ് വര്‍ഷം കളിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് വര്‍ഷം ക്യാപ്റ്റനായിരുന്നു. കുണ്ടായിത്തോട് ആമാംകുനിവയല്‍ എ.എം ഹൗസില്‍ അഷ്‌റഫിന്റെയും മെഹജബിയുടെയും മകനാണ്.
സീനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പതിനെട്ട് പേരാണുള്ളത്. ടീമില്‍ അംഗമായ മറ്റൊരു മലയാളി വയനാട് സ്വദേശി ആര്‍ വിനീതിനെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."