സഊദിയിലെ നാല് കമ്പനികള്‍ കരിമ്പട്ടികയില്‍
റിയാദ്: തൊഴില്‍പ്രതിസന്ധിയും ശമ്പളതടസവും രൂക്ഷമായി തൊഴിലാളികളെ പിരിച്ചുവിട്ട സഊദിയിലെ നാലു പ്രമുഖ കമ്പനികളെ ഫിലിപ്പൈന്‍സ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഫിലിപ്പൈന്‍സ് ഓവര്‍സീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (പി.ഒ.ഇ.എ) ആണ് ഇവയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
തൊഴില്‍പ്രശ്‌നം രൂക്ഷമായി വാര്‍ത്തകളില്‍ ഇടംനേടിയ ബിന്‍ലാദന്‍ കമ്പനിക്കു പുറമെ സഊദി ഓജര്‍ കമ്പനി, മുഹമ്മദ് മുഅജ്ജല്‍ കമ്പനി, മുഹമ്മദ് ബര്‍ഗ്‌സ് ആന്‍ഡ് ബ്രദേഴ്‌സ് കമ്പനി എന്നിവയെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ പല കമ്പനികളിലും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളും നരകയാതന അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു കമ്പനികളെ കൂടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണോ എന്നത് ഫിലിപ്പൈന്‍സ് പരിശോധിച്ചുവരികയാണ്.
ഈ കമ്പനികളുമായി ബന്ധപ്പെടരുതെന്ന് ഫിലിപ്പൈന്‍സ് വിദേശ തൊഴില്‍ വിഭാഗം ഡയരക്ടര്‍ ഹാന്‍സ് കാക്ടാക് അറിയിച്ചു. നാലു കമ്പനികള്‍ സഊദിയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒന്‍പത് കമ്പനികളില്‍പെട്ടതാണെന്ന് അദ്ദേഹം അറിയിച്ചു. ഇവയ്ക്കു പുറമെ, ആലുംകോ, അല്‍മിറ കോണ്‍ഡ്രാക്റ്റിങ്, ഇന്‍വെസ്റ്റിമെന്റ് ആന്‍ഡ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ്, ഫൗസി സ്വാലിഹ് കോണ്‍ട്രാക്ടിങ്, അറാപ്റ്റക് കണ്‍സ്ട്രക്ഷന്‍ എന്നീ അഞ്ചു കമ്പനികളെയും ഫിലിപ്പൈന്‍സ് തൊഴില്‍ വിഭാഗം നിരീക്ഷിച്ചുവരികയാണെന്നും ഹാന്‍സ് കാക്ടാക് അറിയിച്ചു.
അതേസമയം, എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സ്വദേശി വല്‍ക്കരണവും കമ്പനികളെ സാരമായി ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഭക്ഷണംപോലും ലഭിക്കാതെ ബുദ്ധിമുട്ടിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ഇവരെ നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."