'വെയര്‍ ഹെല്‍മറ്റ് ഗെറ്റ് പെട്രോള്‍' കാമ്പയിന് ജില്ലയിലും തുടക്കമായി
തിരുവനന്തപുരം: വെയര്‍ ഹെല്‍മറ്റ് ഗെറ്റ് പെട്രോള്‍ എന്ന ഗതാഗത വകുപ്പിന്റെ സന്ദേശ കാമ്പയിന് ജില്ലയില്‍ ആവേശത്തുടക്കം.
ജില്ലയില്‍ ബേക്കറി ജംങ്ഷനിലെ പെട്രോള്‍ പമ്പില്‍ നടന്ന കാമ്പയിന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ദക്ഷിണമേഖല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എം ഷാജിയുടെ നേതൃത്വത്തിലുള്ള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ജില്ലയിലെ എല്ലാ പെട്രോള്‍ പമ്പുകളിലും ഓരോ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും രാവിലെ തന്നെയത്തി കാമ്പയിന്‍ തുടങ്ങിയിരുന്നു. ലഘുലേഖ വിതരണവും ബോധവല്‍കരണവും ഇതിന്റെ ഭാഗമായി നടന്നു.
ഹെല്‍മെറ്റ് ധരിക്കാതെ പമ്പിലെത്തിയ പലരും പെട്രോള്‍ അടിക്കാതെ തിരികെ പോയി. ബോധവല്‍ക്കരണത്തിനു പുറമെ സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തുന്നവര്‍ക്ക് കൂപ്പണ്‍ നല്‍കുകയും മാസത്തില്‍ നടത്തുന്ന നറക്കെടുപ്പിലൂടെ വിജയികള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കുകയും ചെയ്യുകയാണ് പദ്ധതി. 15 ദിവസത്തെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളാണ് ഹെല്‍മറ്റ് പദ്ധതിക്ക് വേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടാഴ്ച്ചത്തെ ബോധവത്കരണ പ്രവര്‍ത്തവനങ്ങള്‍ക്ക് ശേഷമായിരിക്കും തുടര്‍ നടപടിയിലേക്ക് കടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ എറണാകുളം ഇരുമ്പനത്തെ ബിപിസിഎല്‍ പെട്രോള്‍ പമ്പില്‍ വെച്ചാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."